ജനീവ: കശ്‌മീര്‍ വിഷയം ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉയര്‍ത്തിയ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പരാജയപ്പെട്ട അയല്‍രാജ്യം വ്യാജ അവകാശവാദങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. രാജ്യാന്തര സഹായം കൊണ്ട് മുന്നോട്ട് പോകുന്ന അവര്‍ അവരുടെ സൈനിക ഭീകര സമുച്ചയങ്ങളെക്കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പരത്തുന്നുവെന്നും ഇന്ത്യ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 58മത് സമ്മേളനത്തില്‍ മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിക്കവെ ആയിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്‍ എപ്പോഴും ചെയ്യുന്നത് പോലെ തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുകയാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ സ്ഥിരം ദൗത്യ കൗണ്‍സിലര്‍ ക്ഷിത്ജി ത്യാഗി പറഞ്ഞു.
പരാജയപ്പെട്ട ഒരു രാജ്യം കൗണ്‍സിലിന്‍റെ വിലപ്പെട്ട സമയം ഇത്തരത്തില്‍ അപഹരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്ഥിരതയിലൂടെ കടന്ന് പോകുന്ന രാജ്യമാണ് അവര്‍. രാജ്യാന്തര സഹായങ്ങള്‍ കൊണ്ടാണ് ദിവസങ്ങള്‍ കഴിക്കുന്നത്. പൊള്ളായ പ്രവൃത്തികളും മനുഷ്യത്വമില്ലായ്‌മയും ഭരണപരാജയവും അവരുടെ മുഖമുദ്ര. ജമ്മുകശ്‌മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ തന്നെ തുടരും. മുന്‍പില്ലാത്ത വിധമുള്ള രാഷ്‌ട്രീയ, സാമൂഹ്യ, സാമ്പത്തിക പുരോഗതിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയും ഇതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ് കാരണം. പതിറ്റാണ്ടുകളായി ഈ മേഖല പാകിസ്ഥാന്‍ സഹായത്തോടെയുള്ള അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ കേന്ദ്രമായിരുന്നു ഇവിടം.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന, ജനാധിപത്യ മൂല്യങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്ന, ഐക്യരാഷ്‌ട്രസഭ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള ഭീകരര്‍ക്ക് താവളമൊരുക്കുന്ന പാകിസ്ഥാന് കൂടുതല്‍ വാചകമടിക്കാനുള്ള അവകാശമില്ലെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയോട് പോരടിക്കാതെ പാക് ജനതയ്ക്ക് മികച്ച ഭരണവും നീതിയും ഉറപ്പാക്കാനും അവിടുത്തെ ഭരണകൂടം ശ്രദ്ധ ചെലുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനെ നോക്കി പാകിസ്ഥാന്‍ കൊഞ്ഞനം കുത്തുകയാണ്. ഇതിനെ ദുരുപയോഗം ചെയ്യുന്നു. ആരെയും വിഡ്ഢിയാക്കാനാകില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ മഹത്വവത്ക്കരിക്കാനും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജനാധിപത്യം, പുരോഗതി, ഇവിടുത്തെ ജനതയുടെ അന്തസ് ഇതിനെല്ലാമാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെയാണ് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇന്ത്യയും പാകിസ്ഥാനും ഐക്യരാഷ്ട്ര സഭയില്‍ മുഖാമുഖം എത്തിയപ്പോള്‍