ന്യൂഡല്‍ഹി: മാലിദ്വീപിലെ ഇന്ത്യയുടെ ചെറു ഹെലികോപ്ടര്‍ സേവനങ്ങള്‍ക്കായി രാജ്യത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരടങ്ങിയ ആദ്യ സംഘം മാലി ദ്വീപിലെത്തി. വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം(Technical Team).
മാലിദ്വീപില്‍ നിന്ന് ഇന്ത്യയുടെ സൈനിക സംഘത്തെ പിന്‍വലിക്കാന്‍ അടുത്തമാസം പത്ത് വരെയാണ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു സമയം അനുവദിച്ചിരുന്നത്. ഇവരായിരുന്നു ഇതുവരെ ഹെലികോപ്‌ടറിന്‍റെ സേവനങ്ങള്‍ നടത്തിയിരുന്നതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ തന്‍റെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മെയ് പത്ത് വരെയുള്ള രണ്ട് ഘട്ടങ്ങളിലായി രാജ്യത്തുള്ള മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കണമെന്നാണ് മാലി ദ്വീപ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് ഡല്‍ഹിയില്‍ നടന്ന രണ്ടാം വട്ട ഉന്നതതല ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നത് മൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി(Replace Military Personnel).
കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൊയ്‌സുവും തമ്മില്‍ നടന്ന യോഗത്തിലാണ് കോര്‍ഗ്രൂപ്പിന് രൂപം നല്‍കാന്‍ ധാരണയായത്. നിലവില്‍ 80 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപിലുണ്ട്. രണ്ട് ഹെലികോപ്‌ടറുകളുടെയും മറ്റൊരു വിമാനത്തിന്‍റെയും സേവനങ്ങള്‍ക്കായാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. നൂറ് കണക്കിന് പേരെ ചികിത്സയ്ക്കായി കൊണ്ടുപോകാനും മറ്റ് മാനുഷിക ദൗത്യങ്ങളിലും ഇവര്‍ സഹകരിക്കുന്നു( MEA).
നവംബറില്‍ മൊയ്‌സു അധികാരത്തിലെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയത്. ചൈനയോട് അനുഭാവം പുലര്‍ത്തുന്ന നേതാവാണ് മൊയ്‌സു. ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്നത് ഇദ്ദേഹത്തിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. അധികാരത്തിലെത്തിയതോടെ തിരക്കിട്ട് അത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹം ശക്തമാക്കി. സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അനുകൂലിയായിരുന്ന നേതാവ് ഇബ്രാഹിം മുഹമ്മദ് സൊലിഹിനെയാണ് നാല്‍പ്പത്തഞ്ചുകാരനായ മൊയ്‌സു പരാജയപ്പെടുത്തിയത്.
ഇന്ത്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന പ്രധാന രാജ്യമാണ് മാലിദ്വീപ്. പ്രതിരോധവും സുരക്ഷയുമടക്കം വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായത്. 2022 ഓഗസ്റ്റില്‍ അന്നത്തെ മാലി പ്രസിഡന്‍റ് സൊലിഹും മോദിയുമായി ഗ്രേറ്റര്‍ മാലി കണക്‌ടിവിറ്റി പ്രൊജക്‌ടിന്(ജിഎംസിപി) തുടക്കമിട്ടിരുന്നു. മാലിയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായിരുന്നു ഇത്. ജിഎംസിപിയിലൂടെ 6.74 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും കോസ്‌വേയും നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. മാലിദ്വീപ് തലസ്ഥാനമായ മാലിയെ തൊട്ടടുത്തുള്ള വില്ലിംഗ്ലി, ഗുല്‍ഹിഫാല്‍ഹു, തിലഫുഷി എന്നീ ദ്വീപുകളുമായി ബന്ധിപ്പാക്കുന്ന പദ്ധതിയാണിത്.
Also Read: മാലദ്വീപിന് ഇന്ത്യയില്‍ നെഗറ്റീവ് പബ്ലിസിറ്റി; മുൻ മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദി