ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് പുറമെ വ്യായാമത്തിന്‍റെ അഭാവവും സമ്മർദ്ദവും പൊണ്ണത്തടിയുമെല്ലാം ഹൃയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയത്തെ കാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുൻപ് ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.
വെള്ളം കുടിക്കുക
രാവിലെ എഴുനേറ്റയുടൻ രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കും. നിർജ്ജലീകരണം മൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
വ്യായാമം
വ്യായാമം, യോഗ, വേഗത്തിലുള്ള നടത്തം തുടങ്ങീ ചെറിയ തോതിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോൾ അളവ് ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. ഇതിലൂടെ ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും പതിവായുള്ള വ്യായാമം ഗുണം ചെയ്യും.
സൂര്യപ്രകാശം ഏൽക്കുക
ശരീത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്‍റെ കുറവ് പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാൽ ദിവസേന രാവിലെ കുറച്ച് നേരം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഹൃദയത്തിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും വിറ്റാമിൻ ഡി സഹായിക്കും. കൂടാതെ രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് സർക്കാഡിയൻ താളം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
സ്ക്രീൻ ടൈം ഒഴിവാക്കുക
രാവിലെ എഴുനേറ്റയുടൻ ഫോണിൽ നോക്കുന്ന ശീലം ഒഴിവാക്കുക. സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും. അതിനാൽ രാവിലെ എഴുന്നേറ്റാൽ അരമണിക്കൂർ നേരത്തേക്കെങ്കിലും സ്ക്രീൻ ഉപയോഗം ഒഴിവാക്കുക.
ശ്വസന വ്യായാമം അല്ലെങ്കിൽ ധ്യാനം
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വീക്കം എന്നിവയ്ക്ക് കാരണമാകും. അതിനാൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളോ ധ്യാനമോ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയും.
ആരോഗ്യകരമായ പ്രഭാതഭക്ഷണം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. അതിനാൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ലീൻ പ്രോട്ടീനുകളും ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്‌സ് തുടങ്ങയവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രക്തത്തിൽ പഞ്ചസാര, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഇത് സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും ഫലം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഹൃദ്രോഗ സാധ്യത എങ്ങനെ നേരത്തെ തിരിച്ചറിയാം