സ്‌ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് സ്‌തനാർബുദം. കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് രോഗം സങ്കീർണതയിലേക്ക് നയിക്കാൻ ഇടയാക്കുന്നത്. ഇന്ത്യയിലെ കേസുകൾ എടുത്താൽ മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിൽ എത്തുമ്പോഴാണ് പലരും ബ്രെസ്റ്റ് കാൻസർ തിരിച്ചറിയുന്നത്. ഇത് തന്നെയാണ് രോഗം ഇത്രയധികം ഭീതിജനകമുണ്ടാക്കാൻ കാരണവും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ പോലെ കാൻസറും ശരീരത്തിൽ നേരത്തെ ചില ലക്ഷണങ്ങൾ പ്രകടമാക്കും. അത് ശ്രദ്ധിക്കാതെ പോകുകയോ നിസരമാക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്‍നം വഷളാകുന്നത്. സ്‌തനാർബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സ്‌തനത്തിലെ മുഴ
സ്‌തനാർബുദത്തിൻ്റെ ഏറ്റവും സാധാരണവും പ്രാരംഭവുമായ ലക്ഷണങ്ങളിൽ ഒന്നാണ് സ്‌തനത്തിലോ കക്ഷത്തിലെ കാണപ്പെടുന്ന മുഴ. സ്‌തനത്തിൽ കട്ടിയോ വീക്കമോ കണ്ടാലും നിസാരമാക്കരുത്. എന്നാൽ സ്‌തനത്തിലെ എല്ലാ മുഴകളും കാൻസർ മുഴകൾ ആയിരിക്കില്ല.
വലിപ്പത്തിലോ രൂപത്തിലോ മാറ്റം
സ്‌തനത്തിൻ്റെ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്ന മാറ്റം സ്‌തനാർബുദത്തിന്‍റെ ലക്ഷണമാണ്. അതിനാൽ സ്‌തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിസാരമാക്കരുത്.
നിറ വ്യത്യസം
സ്‌തനത്തിന്‍റെ തൊലിപ്പുറത്തുണ്ടാകുന്ന നിറ വ്യത്യസം, കുത്തുകൾ, വരകൾ എന്നിവയും സ്‌തനാർബുദത്തിന്‍റെ ലക്ഷണമാണ്. സ്‌തന ചർമ്മം പരുക്കാനാവുകയും സ്‌തനത്തിൽ ചെറിയ കുരുക്കൾ പോലുള്ളവ കണ്ടാലും ശ്രദ്ധിക്കണം.
മുലക്കണ്ണിൽ നിന്നുള്ള ഡിസ്‌ചാർജ്
മുലക്കണ്ണിൽ നിന്ന് അസാധാരണമായ സ്രവങ്ങൾ ഉണ്ടാകുന്നതും സ്‌തനാർബുദത്തെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമാണ്. മുലക്കണ്ണ് ഉള്ളിലേക്ക് വലിയുകയോ മുലക്കണിന് ചുറ്റും വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടാലോ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കുക.
എങ്ങനെ നേരത്തെ തിരിച്ചറിയാം
ശ്രദ്ധിച്ചു കഴിഞ്ഞാൽ ആരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന രോഗമാണ് സ്‌തനാർബുദം. ശരീരം നേരത്തെ തന്നെ ചില സൂചനകൾ നൽകുമെന്നതിനാൽ മാസത്തിൽ ഒരിക്കലെങ്കിലും സ്‌തനങ്ങൾ സ്വയം നിരീക്ഷിക്കുക. ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പതിവായി സ്വയം പരിശോധന നടത്തുന്ന ഒരാൾക്ക് സ്‌തനാർബുദ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ ഫലപ്രദമായി ചികിത്സിച്ച് ഭേതമാക്കാവുന്ന രോഗമാണ് സ്‌തനാർബുദം. ബ്രെസ്റ്റ് കാൻസർ കണ്ടുപിടിക്കുന്നതിനായി അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. മമ്മോഗ്രഫി, അള്‍ട്രാ സൗണ്ട്, കമ്പ്യൂട്ടറൈസ്‌ട് ടോമോഗ്രഫി, ബയോപ്‌സി എന്നിവ കാൻസർ രോഗ നിർണയ റെസ്റ്റുകളാണ്. നാൽപ്പത് വയസ് പിന്നിട്ട സ്‌ത്രീകൾ എല്ലാ വർഷവും മാമോഗ്രാം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
Also Read : സ്‌തനാർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ അക്യുപങ്‌ചർ; പഠനം പറയുന്നതിങ്ങനെ