ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. 2024 നവംബര്‍ 28ന് ഒടിടിയില്‍ റിലീസിനെത്തിയ ചിത്രം മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും നെറ്റ്‌ഫ്ലിക്‌സില്‍ തരംഗമാവുകയാണ്.
ഇപ്പോഴിതാ ചിത്രം ട്രെൻഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായും ലക്കി ഭാസ്‌കർ മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്‌ടിച്ച മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡാണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒടിടിയില്‍ എത്തിയത് മുതല്‍ ചിത്രം ആഗോള തലത്തിൽ ട്രെൻഡിംഗ് ആയിരുന്നു.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗിൽ ഒന്നാമതായിരുന്നു. സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ചിത്രം ട്രെൻഡിംഗിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിംഗ് ചെയ്യുന്നത്.
ഒടിടി റിലീസിന് മുമ്പ് തിയേറ്ററുകളിൽ ബ്ലോക്ക്‌ബസ്‌റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവ്വമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകിയത്. തിയേറ്ററില്‍ ആഗോള തലത്തിൽ 110 കോടിയോളം ഗ്രോസ് നേടി ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരുന്നു.
ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും തിയേറ്ററുകളിൽ എത്തിച്ചത്. ബോക്‌സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്‍റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി എത്തിയ ചിത്രം, 1992ൽ ബോംബ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറഞ്ഞത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായി എത്തിയത്.