തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമകളേക്കാളും, റിലീസിനൊരുങ്ങുന്ന സിനിമകളേക്കാളും ഇന്‍റർനെറ്റ് ട്രെൻഡിംഗ് ലിസ്‌റ്റിലും പ്രേക്ഷക മനസ്സിലും ഇടംപിടിച്ച ഒരു സിനിമ ഉണ്ട്. കൃത്യമായി പറഞ്ഞാൽ 15 വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്‌ത 'കപ്പൽ മുതലാളി'. ഇപ്പോൾ തിയേറ്ററിൽ ഓടുന്ന സിനിമകളേക്കാൾ 'കപ്പൽ മുതലാളി' എന്ന അധികമാരും ശ്രദ്ധിക്കാത്ത ഒരു സിനിമയെ കുറിച്ച് പ്രേക്ഷകന് ധാരണയുണ്ട്.
'മൂക്കില്ലാരാജ്യത്ത്', 'ഈ പറക്കും തളിക' തുടങ്ങി സിനിമകൾ സംവിധാനം ചെയ്‌ത താഹയുടെ സംവിധാനത്തിൽ രമേഷ് പിഷാരടി നായകനായി എത്തിയ ചിത്രമായിരുന്നു 'കപ്പൽ മുതലാളി'. 2009ൽ റിലീസ് ചെയ്‌ത ചിത്രം അധികം ജനപ്രീതി നേടിയിരുന്നില്ല. എന്നാൽ അന്ന് നഷ്‌ടപ്പെട്ട പ്രതാപം ഇപ്പോൾ വീണ്ടെടുത്തിരിക്കുകയാണ് 'കപ്പൽ മുതലാളി'.
ചിത്രം പുറത്തിറങ്ങിയത് മുതല്‍ 'കപ്പൽ മുതലാളി' സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്‍റര്‍നെറ്റ് ലോകത്ത് ഇത് എങ്ങനെയാണ് ട്രെന്‍ഡിംഗ് ആയതെന്ന് നോക്കാം. 'ആപ്പ് കൈസേ ഹോ' എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്‍റെ പ്രെമോഷന്‍ പരിപാടികൾ പുരോഗമിക്കുന്ന സമയം. ധ്യാൻ ശ്രീനിവാസനും രമേഷ് പിഷാരടിയും ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു.
അഭിമുഖത്തിനിടെ അവതാരിക ഇരുവരോടും ഒരു ചോദ്യം ഉന്നയിച്ചു. ഇപ്പോൾ പഴയ സിനിമകൾ 4k റീ മാസ്‌റ്റർ ചെയ്‌ത് റിലീസ് ചെയ്യുന്ന കാലമാണല്ലോ. നിങ്ങൾക്ക് അത്തരത്തിൽ ഏതെങ്കിലും ഒരു പഴയ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ. എന്തിനും തമാശയോടെയും സരസമായും ഉത്തരം പറയുന്ന ധ്യാൻ ശ്രീനിവാസൻ ഉടൻ തന്നെ വിളിച്ചു പറഞ്ഞു കപ്പൽ മുതലാളി..കപ്പൽ മുതലാളി.. ഫ്രെയിമിൽ ചിരി പടർന്നു.
പിന്നീട് 'ആപ്പ് കൈസേ ഹോ'യുടെ പല പ്രൊമോഷന്‍ അഭിമുഖങ്ങളിലും ചിരി ഉണ്ടാക്കാൻ കപ്പൽ മുതലാളി എന്ന സിനിമയിലൂടെ ധ്യാൻ, രമേഷ് പിഷാരടിയെ ഒരു ആയുധം ആക്കുകയായിരുന്നു. എന്നാൽ ധ്യാനിന്‍റെ കളിയാക്കൽ അക്ഷരാർത്ഥത്തിൽ കുറിയ്‌ക്ക് കൊണ്ടു. നിരവധി പേര്‍ ധ്യാനിന്‍റെ ഈ അഭിമുഖം ഇന്‍റര്‍നെറ്റില്‍ കണ്ടിരുന്നു.
'ആപ് കൈസേ ഹോ' എന്ന സിനിമയുടെ ഭാഗമായ അഭിമുഖങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത നിമിഷം മുതൽ ഗൂഗിൾ സെർച്ച് ലിസ്‌റ്റും യൂട്യൂബ് സർച്ച് ലിസ്‌റ്റും കപ്പൽ മുതലാളി എന്ന സിനിമാ പേര് കൊണ്ട് നിറഞ്ഞു. പലർക്കും ഈ സിനിമയെ കുറിച്ച് ധാരണയില്ല. പ്രത്യേകിച്ച് പുതിയ തലമുറയിൽ പെട്ടവർക്ക്.
മെച്ചപ്പെട്ടൊരു വീഡിയോ പോലും 'കപ്പൽ മുതലാളി' എന്ന സിനിമയുടേതായി ഇന്‍റര്‍നെറ്റ് ലോകത്ത് അതുവരെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. 'കപ്പൽ മുതലാളി' എന്ന സിനിമ ധ്യാനിലൂടെ ഹിറ്റായതും തൊട്ടടുത്ത ദിവസം അണിയറ പ്രവർത്തകർ സിനിമയുടെ ഫോർ കെ റീ മാസ്‌റ്റർ ചെയ്‌ത വീഡിയോ ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തു. നിമിഷനേരം കൊണ്ട് ഗാനം വൈറൽ. രമേഷ് പിഷാരടിയുടെ അത്യുഗ്രൻ ഡാൻസ് നമ്പർ. ഒപ്പം വിനീത് ശ്രീനിവാസന്‍റെ പിന്നണി ശബ്‌ദവും.
'നിന്‍റെ ചേട്ടന്‍റെ പാട്ടോടു കൂടി കപ്പൽ മുതലാളിയുടെ ഫോർ കെ ഗാനം റിലീസ് ചെയ്‌തിട്ടുണ്ട്'. ഇങ്ങനെയൊരു കുറിപ്പോടുകൂടിയാണ് ധ്യാൻ ശ്രീനിവാസനെ മെൻഷൻ ചെയ്‌ത് ഗാനം രമേഷ് പിഷാരടി ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് നടന്നത് ചരിത്രം.
കഴിഞ്ഞ നാല് ദിവസമായി 'ഇതുവരെ എന്താണ് എനിക്ക്' എന്ന 'കപ്പൽ മുതലാളി'യിലെ ഗാനം ഇന്‍റര്‍നെറ്റ് ലോകം ഭരിക്കുകയാണ്. മീമുകളായും, ഇൻസ്‌റ്റഗ്രാം, യൂട്യൂബ് റീലുകളായും ഗാനം ഓരോ മലയാളിയുടെയും വെർച്വൽ ലോകത്ത് വിഹരിച്ച് കൊണ്ടിരിക്കുകയാണ്. 24 മണിക്കൂർ മുമ്പ് സിനിമയുടെ ഫുൾ വേർഷനും ഒരു യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
ഏറ്റവും വലിയ തമാശ ഈ സിനിമ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുമ്പോൾ ഒരൊറ്റ നെഗറ്റീവ് കമന്‍റ് പോലും ഇല്ല എന്നുള്ളതാണ്. ധ്യാൻ ഈ സിനിമയെ കളിയാക്കേണ്ട കാര്യമില്ലെന്നും പ്രേക്ഷകരുടെ കമന്‍റുകള്‍. സിനിമ നല്ലതാണല്ലോ എന്നുള്ള തരത്തിലാണ് ഭൂരിഭാഗം കമന്‍റുകളും. എന്നാലിപ്പോള്‍ ഇതേക്കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകൻ താഹ.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 'കപ്പൽ മുതലാളി' ഇന്‍റര്‍നെറ്റില്‍ സെൻസേഷൻ ആയത് താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് താഹ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. "ഞാൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫോൺ പരമാവധി ഉപയോഗിക്കാറില്ല. കപ്പൽ മുതലാളി വീണ്ടും ചർച്ചാവിഷയമായത് അത്ഭുതപ്പെടുത്തി," താഹ പറഞ്ഞു.

'ആപ് കൈസേ ഹോ'യുടെ പ്രൊമോഷനിടെ ധ്യാന്‍, രമേശ് പിഷാരടിയെയും കപ്പല്‍ മുതലാളിയെയും പരിഹസിച്ചു എന്നൊരു സംസാരം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ചും സംവിധായകന് പറയാനുണ്ട്.
"ധ്യാൻ ശ്രീനിവാസൻ കപ്പൽ മുതലാളി എന്ന സിനിമയെ പരിഹസിച്ചെന്ന് കരുതുന്നില്ല. അയാൾ പറയുന്ന തമാശകൾ ഉൾക്കൊള്ളാൻ ഇവിടത്തെ മലയാളികൾക്ക് ബോധമുണ്ട്. പിന്നെ ധ്യാനിനോട് ഒരു കാര്യം. 'ധ്യാനേ... കപ്പൽ മുതലാളി ഒരു പരാജയ ചിത്രമല്ല'. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയായിരുന്നു അത്. മുടക്കുമുതൽ തിരിച്ചുപിടിച്ചു എന്ന് മാത്രമല്ല നിർമ്മാതാവിന് ചെറിയൊരു തുക ടേബിൾ പ്രോഫിറ്റായും ലഭിച്ചു. സിനിമ എന്തോ പിൽക്കാലത്ത് ജനങ്ങൾ ഓർത്തിരുന്നില്ല. എല്ലാ സിനിമയും എല്ലാകാലവും ഓർത്തിരിക്കണം എന്ന് നിർബന്ധം ഇല്ലല്ലോ," സംവിധായകന്‍ പറഞ്ഞു.
കപ്പൽ മുതലാളിയുടെ മറ്റ് വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. "സിനിമയിലെ കോമഡി രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. ലോക്ക്‌ഡൗൺ കാലത്തെ പ്രധാന ഇന്‍റര്‍നെറ്റ് മീമുകളിൽ ഒന്നായിരുന്നു സിനിമയിൽ ജഗതി ചേട്ടന്‍റെ കഥാപാത്രം ഒരു വീടിന് ചുറ്റും കാർ ഓടിക്കുന്ന രംഗം. അതുപോലെ ആ സിനിമയിലെ പല കോമഡി രംഗങ്ങളും ഇപ്പോഴും ഇന്‍റര്‍നെറ്റിൽ കാണാറുണ്ട്. കോമഡി രംഗങ്ങൾ കാണാറുണ്ടെങ്കിലും സിനിമയുടെ പേര് ആരും ശ്രദ്ധിച്ചില്ല. കപ്പൽ മുതലാളി അക്ഷരാർത്ഥത്തിൽ രമേഷ് പിഷാരടി എന്ന നടനെ മലയാള സിനിമയ്‌ക്ക് ലോകത്ത് സമ്മാനിക്കുകയായിരുന്നു. ടെലിവിഷനിലൂടെ ജനപ്രിയനായിരുന്ന രമേഷ് പിഷാരടിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു കപ്പൽ മുതലാളി. സിനിമയുടെ നിർമ്മാതാവാണ് രമേഷ് പിഷാരടിയെ നായകനാക്കാന്‍ എന്നോട് നിർദ്ദേശിച്ചത്," താഹ വ്യക്‌തമാക്കി.
എല്ലാവരും മറന്നു പോയൊരു ചിത്രം പെട്ടെന്ന് വീണ്ടും ശ്രദ്ധേയമാകുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് ഞെട്ടലുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്‍റര്‍നെറ്റില്‍ ഈ സിനിമ ആഘോഷിക്കുന്നത് അറിയാതെ പോയതിൽ വിഷമവും ഒപ്പം സന്തോഷവുമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
Also Read:
- "പെണ്ണായാല്‍ ഇങ്ങനെ വേണം", മീനാക്ഷി എന്തുകൊണ്ട് ദിലീപിനൊപ്പം പോയി? മഞ്ജുവിന്റെ ആ തീരുമാനത്തിന് കാരണം വെളിപ്പെടുത്തി ജീജ സുരേന്ദ്രന് - JEEJA SURENDRAN ABOUT MANJU WARRIER
- ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്രാം എങ്ങനെ തിരിച്ചുവരും? മൂന്നാം ഭാഗം പ്രഖ്യാപിച്ച് മോഹന്‍ലാല്‍ - MOHANLAL ANNOUNCED EMPURAAN 3
- "മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന് - SANAL KUMAR ABOUT MANJU WARRIER