മലയാള സിനിമാസ്വാദകർ ആകാംക്ഷപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം'. ഈ സിനിമയുടെ റിലീസിനായി കാക്കുന്ന സിനിമ പ്രേമികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'ആടുജീവിതം' ഏപ്രിൽ 10ന് തിയേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിനിമാസ്വാദകർക്ക് അത്ര കാത്തിരിക്കേണ്ടി വരില്ല (Aadujeevitham/ The Goat Life got new release date).

പറഞ്ഞതിലും നേരത്തെ ചിത്രം പ്രേക്ഷകർക്കരികിൽ എത്തും. അതെ, 'ആടുജീവിത'ത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് നിർമാതാക്കൾ. മാർച്ച് 28ന് ഈ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പോസ്റ്റർ സഹിതമാണ് അണിയറ പ്രവർത്തകർ പുതിയ റിലീസ് തീയതി പുറത്തുവിട്ടത് (Aadujeevitham will release on March 28).
മലയാളത്തിലെ എക്കാലത്തെയും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്‌ത ചിത്രമാണിത്. ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ അതിശയകരമായ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.
2008 ൽ ആയിരുന്നു ബ്ലെസി ഈ ചിത്രത്തിന്‍റെ പ്രാരംഭ വർക്കുകൾ ആരംഭിച്ചത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു 'ആടുജീവിതം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒടുക്കം കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായി. ഈ ചിത്രത്തിന്‍റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത് ജോർദാനിലായിരുന്നു.
പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ 'ആടുജീവിതം'. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായികയായെത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ എത്തുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്കരികിൽ എത്തും.
ALSO READ: മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; 'ആടുജീവിത'ത്തിൽ ഞെട്ടിക്കാൻ പൃഥ്വിരാജ്