നാഗര്‍കുര്‍ണൂല്‍: തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ജില്ലയില്‍ ശ്രീശൈലം ലെഫ്‌റ്റ് ബാങ്ക് കനാല്‍(എസ്‌എല്‍ബിസി) തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്ന എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുന്നു. തുരങ്കത്തിലെ ബോറിങ് യന്ത്രം മുറിക്കാന്‍ ദൗത്യസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. തൊഴിലാളികള്‍ കുടുങ്ങിയ സ്ഥലത്തേക്ക് എത്തുന്നതിന് തടസം സൃഷ്‌ടിക്കുന്ന മറ്റ് വസ്‌തുക്കള്‍ നീക്കം ചെയ്യാനും ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുരങ്കത്തിലെ കേടായ കണ്‍വേയര്‍ ബെല്‍റ്റ് ഇന്ന് തന്നെ നന്നാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഗര്‍കുര്‍ണൂല്‍ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്‌ക്‌വാദ് പറഞ്ഞു. അതിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകുമെന്നാണ് കരുതുന്നത്. രാത്രിയിലും പ്രവര്‍ത്തനങ്ങള്‍ തുടരും. ഇന്നലെ രാത്രി മുതല്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍
ഫെബ്രുവരി 22 മുതല്‍ കര, നാവിക സേനകള്‍, കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ സംഘങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളക്കെട്ടും മാലിന്യങ്ങളും പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സംഘത്തിന്‍റെ പ്രവര്‍ത്തനം. ഓരോ മിനിറ്റിലും തുരങ്കത്തിലേക്ക് എത്തുന്ന അയ്യായിരം ലിറ്റര്‍ വെള്ളവും ചെളിയും മറ്റും നീക്കം ചെയ്യുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.
ഗ്യാസ്, പ്ലാസ്‌മ കട്ടറുകള്‍ ടണല്‍ ബോറിങ് മെഷീന്‍ (ടിബിഎം)മുറിക്കാനായി ഉപയോഗിക്കുന്നു. നൂറ് മീറ്ററോളം നിറഞ്ഞിരിക്കുന്ന ചെളി നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മണ്ണ് കാര്യക്ഷമമായി നീക്കം ചെയ്യാനായി കണ്‍വെയര്‍ ബെല്‍റ്റ് ഉപയോഗിക്കാനായി അതും അറ്റകുറ്റപ്പണി ചെയ്യല്‍ പുരോഗമിക്കുന്നു. എന്‍ജിആര്‍ഐ വിദഗ്ദ്ധര്‍ തുരങ്കത്തിനുള്ളിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി തുരങ്കത്തിന്‍റെ ബലം പരീക്ഷണം നടത്തുന്നു.
ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ടിബിഎം മുറിച്ച് നീക്കുമെന്ന് തെലങ്കാന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിന് ശേഷം കരനാവിക സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും റാറ്റ് മൈനേഴ്‌സും ചേര്‍ന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുടുങ്ങിയവരെ ഇന്നെങ്കിലും കണ്ടെത്താനാകുമോയെന്ന് തനിക്ക് പറയാനാകില്ലെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് എസ്‌പി പ്രതികരിച്ചു. തുരങ്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ചില തൊഴിലാളികള്‍ ഇതിനിടെ ഭയം മൂലം ഇവിടം വിട്ട് പോയതായും റിപ്പോര്‍ട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട 800 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ മുന്നൂറ് പേര്‍ മാത്രമാണ് തെലങ്കാനക്കാര്‍. ബാക്കിയുള്ളവര്‍ ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കമ്പനി തൊഴിലാളികള്‍ക്കായി താത്ക്കാലിക താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ ഒരു ഭയം ഉണ്ടായിട്ടുണ്ട്. ചിലര്‍ പോകുകയും ചെയ്‌തു. എന്നാല്‍ വലിയ തോതില്‍ ആളുകള്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ദുരന്തമുഖം സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ച് ബിആര്‍എസ് നേതാവ് കെ കവിത രംഗത്തെത്തി. സംഭവത്തെ ഗൗരവമായി കാണണമെന്നും രക്ഷാപ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഉടന്‍ ഏറ്റെടുക്കണമെന്നും കവിത ആവശ്യപ്പെട്ടു.