ന്യൂഡല്‍ഹി: സൗത്തേഷ്യന്‍ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. മഹാശിവരാത്രി ദിനത്തില്‍ മെസില്‍ മാംസാഹാരം വിളമ്പിയതിനെ ചൊല്ലിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ പരസ്‌പരം ആരോപണം ഉന്നയിച്ച് എസ്‌എഫ്‌ഐയും എബിവിപിയും രംഗത്ത് എത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സര്‍വകലാശാലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ആരും ഔദ്യോഗികമായി പരാതികളൊന്നും തന്നിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് 3.45നാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സൗത്തേഷ്യന്‍ സര്‍വകലാശാലയിലെ സംഘര്‍ഷം സംബന്ധിച്ച് കോള്‍ വന്നത്. തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ മെസില്‍ രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മഹാശിവരാത്രി ദിനത്തില്‍ മാംസാഹാരം വിളമ്പരുതെന്ന തങ്ങളുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി കഴിഞ്ഞ ദിവസം മാംസം വിളമ്പിയെന്ന് ആരോപിച്ച് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചുവെന്നാണ് എസ്‌എഫ്‌ഐ ഡല്‍ഹി ഘടകത്തിന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെയടക്കം ശാരീരികമായി ഉപദ്രവിച്ചെന്നും എസ്‌എഫ്‌ഐ ആരോപിക്കുന്നു. മാംസഭക്ഷണം വിളമ്പിയതിന് മെസിലെ ജീവനക്കാരെയും എബിവിപിക്കാര്‍ ആക്രമിച്ചതായി എസ്‌എഫ്ഐ പറഞ്ഞു.
അക്രമികള്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് എസ്‌എഫ്ഐ ആവശ്യപ്പെട്ടു. എന്നാല്‍ ഉപവസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന മെസില്‍ എസ്‌എഫ്ഐക്കാര്‍ നിര്‍ബന്ധിതമായി മാംസം വിളമ്പുകയായിരുന്നുവെന്നാണ് എബിവിപിയുടെ ആരോപണം.
ഇത് മതാവകാശത്തിന്‍റെ നഗ്നമായ ലംഘനമാണെന്നും എബിവിപി ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമവുമാണിതെന്നും അവര്‍ പറയുന്നു. നിക്ഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മെസില്‍ വിദ്യാര്‍ത്ഥിനികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എസ്‌എഫ്‌ഐയും അവരുടെ എക്‌സില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എബിവിപിക്കാര്‍ വനിതകളെ സര്‍വകലാശാലയില്‍ അക്രമിച്ചിരിക്കുന്നു. ഇത് അവരുടെ ഭീരുത്വത്തെയും സ്‌ത്രീ വിരുദ്ധ മനോഭാവത്തെയുമാണ് കാട്ടുന്നതെന്നും എസ്‌എഫ്്‌ഐ ചൂണ്ടിക്കാട്ടി. എബിവിപിയുടെ പ്രവൃത്തിയെ തങ്ങള്‍ അപലപിക്കുന്നു. എബിവിപിയുടെ പ്രവൃത്തികള്‍ അതിരു കടന്നിരിക്കുന്നു. ഒപ്പം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡല്‍ഹി എസ്‌എഫ്‌ഐ പോസ്റ്റില്‍ പറഞ്ഞു.