പാറ്റ്ന: ഇന്ത്യ സഖ്യം ബീഹാറിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ധാരണയിലെത്തി. ആര്‍ജെഡി 26 സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ. കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലും ഇടതുപാര്‍ട്ടികള്‍ അഞ്ച് സീറ്റുകളിലും ജനവിധി തേടും.
ബിഹാറിലെ ഔറംഗാബാദ്, ഗയ, ജാമുയി, നവാഡ, സരണ്‍, പാടലീപുത്ര, ബക്‌സര്‍, ഉജിയാര്‍പൂര്‍, ജഹാനാബാദ്, ദര്‍ഭംഗ, ബങ്ക, അരാരിയ, മണ്‍ഗര്‍, സീതാമര്‍ഹി, ഝാന്‍ഝര്‍പുര്‍, മധുബനി, സിവാന്‍, ശിവ്‌ഹര്‍, വൈശാലി, ഹാജിപൂര്‍, സുപൗള്‍, വാല്‍മീകിനഗര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ആര്‍ജെഡി കൈവശം വച്ചിരിക്കുന്നവയാണ്. ഇവയ്ക്ക് പുറമെ ഈസ്‌റ്റ് ചമ്പാരന്‍, പുര്‍ണിയ, മധേപുര, ഗോപാല്‍ഗഞ്ച് സീറ്റുകളിലും ആര്‍ജെഡി ജനവിധി തേടും.
അരാഹ്, നളന്ദ, കാരക്കാട്ട്, എന്നീ മണ്ഡലങ്ങളില്‍ നിന്ന് സിപിഐ (എംഎല്‍) ജനവിധി തേടും. ബെഗുസരായിയില്‍ സിപിഐ ആണ് മത്സരിക്കുന്നത്. സിപിഎം ഖഗാരിയയില്‍ നിന്ന് ജനവിധി തേടും.
പൂര്‍ണിയ സീറ്റില്‍ നിന്ന് ആര്‍ജെഡിയാണ് ജനവിധി തേടുന്നത്. ഈ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ പപ്പുയാദവ് ഉറച്ച് നിന്നതോടെയാണ് കോണ്‍ഗ്രസിന് ഈ സീറ്റ് നഷ്‌ടമായത്. എന്നാല്‍ സീറ്റു പങ്കുവയ്ക്കല്‍ പൂര്‍ത്തിയായതോടെ കോണ്‍ഗ്രസിന് അനുകൂലമായി സാമൂഹ്യമാധ്യമ പോസറ്റുമായി പപ്പുയാദവ് രംഗത്ത് എത്തി. സീമാഞ്ചല്‍കോസിയില്‍ വിജയം നേടിയ ശേഷം കേന്ദ്രത്തില്‍ തങ്ങള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസിന്‍റെ പതാകയാകും പൂര്‍ണിയയില്‍ പാറിക്കളിക്കുക. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഓരോ പാര്‍ട്ടികളും തങ്ങളുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെന്നും ഇപ്പോൾ മഹാസഖ്യം നിങ്ങള്‍ക്ക് മുന്നിലുണ്ടെന്നും ആര്‍ജെഡി എംപി മനോജ് ഝാ പറഞ്ഞു. കക്ഷികള്‍ തമ്മിലാണ് സഖ്യം. വ്യക്തികള്‍ തമ്മിലല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ പപ്പുയാദവിനോട് ചോദ്യം ചോദിച്ചപ്പോള്‍ ഇത് മഹാസഖ്യത്തിന്‍റെ വാര്‍ത്താസമ്മേളനമാണെന്നായിരുന്നു മറുപടി.
Also Read: സീറ്റ് പങ്കിടലിനെച്ചൊല്ലി കോണ്‍ഗ്രസ്-ആര്‍ജെഡി തര്‍ക്കം; ബിഹാറിലെ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍
ഝാര്‍ഖണ്ഡില്‍ ആര്‍ജെഡിക്ക് രണ്ട് സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. പലാമു, ഛത്ര സീറ്റുകളാണ് ആര്‍ജെഡിക്ക് വിട്ട് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസിന് കെയ്‌താര്‍, കിഷന്‍ഗഞ്ച്, പാറ്റ്ന സാഹിബ്, സസാരം, ഭഗല്‍പൂര്‍, ബേത്തിയ, മുസാഫര്‍പൂര്‍, മഹാരാജ്‌ഗഞ്ച്, സമഷ്‌ടിപൂര്‍ സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്.