ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.85 ശതമാനം ഇടിവാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭക്ഷ്യ സാധനങ്ങള്‍ക്ക് മാര്‍ച്ചില്‍ വില സൂചികയില്‍ 8.52ശതമാനം കുറവുണ്ടായി. തൊട്ടുമുന്നത്തെ മാസം ഇത് 8.66 ശതമാനമായിരുന്നു. 22 സംസ്ഥാനങ്ങളിലെ പണപ്പെരുപ്പ നിരക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. പതിമൂന്ന് സംസ്ഥാനങ്ങള്‍ മുകളിലും. ഇത് 4.94ശതമാനം മുതല്‍ 7.05 ശതമാനം വരെയാണ്.
ചില്ലറ വില്‍പ്പന രംഗത്തെ പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത് റിസര്‍വ് ബാങ്കിന്‍റെ സുരക്ഷിത പോയിന്‍റിന് താഴെയാണ്. തുടര്‍ച്ചയായ ഏഴാം മാസവും റിസര്‍വ് ബാങ്കിന്‍റെ സുരക്ഷിത മേഖലയായ ആറ് ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ വിലക്കയറ്റം.
ഉപഭോക്‌തൃ വില സൂചിക (സിപിഐ) 4.85 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 5.09 ലായിരുന്നു. 2023 മാര്‍ച്ചില്‍ 5.66 ശതമാനവും. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഉപഭോക്‌തൃ ഭക്ഷ്യ വില സൂചികയിലും കുറവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍ 8.66 ശതമാനമായിരുന്ന സൂചിക 8.52ലേക്ക് ഇടിഞ്ഞു.
Also Read: ചില്ലറ പണപ്പെരുപ്പം കുറഞ്ഞു, ഭക്ഷ്യവിലപ്പെരുപ്പത്തിലും ഇടിവ്: കണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം
നാഗരിക പണപ്പെരുപ്പത്തെക്കാള്‍ ഗ്രാമീണ മേഖലയിലാണ് പണപ്പെരുപ്പം കൂടിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 5.45 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 5.34 ശതമാനമായിരുന്നു. 2023 മാര്‍ച്ചില്‍ ഇത് 5.51 ശതമാനമായിരുന്നു. അതേസമയം മാര്‍ച്ചിലെ നാഗരിക പണപ്പെരുപ്പം 4.14ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 4.78ഉം 2023 മാര്‍ച്ചില്‍ 5.89 ശതമാനവുമായിരുന്നു.