ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോണ്‍ഗ്രസിന്‍റെ ന്യായ് സങ്കല്‍പ്പ് റാലിയെ അഭിസംബോധന ചെയ്യവയേയായിരുന്നു പ്രിയങ്കയുടെ കടന്നാക്രമണം. ചണ്ഡിഗഢിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി മനിഷ് തിവാരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അവര്‍.
തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും എടുത്ത് കാട്ടി ആയിരുന്നു പ്രിയങ്കയുടെ ആക്രമണം. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി എപ്പോഴെങ്കിലും പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ആരാഞ്ഞു. വനിതാ ശാക്‌തീകരണത്തെക്കുറിച്ച് മോദി വാചാലനാകുന്നു. സ്‌ത്രീകള്‍ക്ക് 33ശതമാനം സംവരണം നല്‍കിയെന്ന് പറയുന്നു. എന്നാല്‍ എപ്പോഴെങ്കിലും പണപ്പെരുപ്പത്തെക്കുറിച്ച് പറയാറുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.
നെഹ്‌റുവിന്‍റെ ചണ്ഡിഗഡ് സ്വപ്‌നം
ചണ്ഡിഗഡ് നഗരത്തെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. വിദേശത്ത് നിന്ന് ശില്‍പ്പികളെ കൊണ്ടുവന്നാണ് ഈ സ്വപ്‌ന നഗരി അദ്ദേഹം നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഈ നഗരം നാശത്തിന്‍റെ പാതയിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക പറഞ്ഞു. പത്ത് വര്‍ഷമായി മോദി സര്‍ക്കാര്‍ ഇവിടെ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.
ആദ്യവട്ടം പതിനഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞായിരുന്നു മോദിയുടെ പ്രചാരണം. രണ്ടാമത് സേവനങ്ങളെക്കുറിച്ച് പറഞ്ഞ് വോട്ട് പിടിച്ചു. ഇപ്പോഴിതാ ഹിന്ദു മുസ്‌ലിം കാര്‍ഡിറക്കി കളിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും പ്രിയങ്ക മോദിയെ വിമര്‍ശിച്ചു. കൃഷി കൊണ്ട് ഇവര്‍ക്ക് ഉപജീവനം നടത്താനാകുന്നില്ല. എല്ലാ കാര്‍ഷിക വിഭവങ്ങള്‍ക്കും മോദി സര്‍ക്കാര്‍ ജിഎസ്‌ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. ശതകോടീശ്വരന്‍മാരുടെ കോടിക്കണക്കിന് രൂപയുടെ വായ്‌പകള്‍ എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ഒരു പൈസയുടെ വായ്‌പ പോലും എഴുതിത്തള്ളാന്‍ മുതിരുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് പ്രധാനമന്ത്രി ഒരു വട്ടം പോലും ചോദിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.