ന്യൂഡൽഹി : ഗുജറാത്തില്‍ തങ്ങള്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വം അസ്വസ്ഥരാണെന്ന് കോൺഗ്രസ്. 2014ലെയും 2019-ലെയും തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഗുജറാത്തിലെ 26 ലോക്‌സഭ സീറ്റുകളിലും 2024,19 വര്‍ഷങ്ങളില്‍ വിജയിച്ചത് ബിജെപിയാണ്.
സബർകാന്ത മണ്ഡലത്തിലെ സ്ഥാനാർഥി ഭിഖാജി താക്കൂർ മത്സരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ വഡോദരയിലെ സ്ഥാനാർഥി രഞ്ജൻബെൻ ഭട്ടും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി പാർട്ടി വൃത്തങ്ങള്‍ ആരോപിച്ചു. 'കഴിഞ്ഞ രണ്ട് ദേശീയ തെരഞ്ഞെടുപ്പുകളിലെ പ്രകടനം ആവർത്തിക്കാൻ ഇത്തവണ ബിജെപിക്ക് കഴിയില്ല. ഭരണ കക്ഷിയോട് ജനങ്ങൾക്ക് അമർഷമുണ്ട്. ഞങ്ങൾ ശക്തരായ സ്ഥാനാർഥികളെ നിർത്തിയതോടെ സംസ്ഥാന ബിജെപി നേതാക്കൾ അസ്വസ്ഥരാണ്. ഇത് കാരണം ചിലർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചു. കൂടുതൽ പേർ പിന്മാറാന്‍ സാധ്യതയുണ്ട്'- കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ ഗുജറാത്ത് യൂണിറ്റ് മേധാവിയുമായ ജഗദീഷ് താക്കൂര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
സഖ്യത്തിന്‍റെ ഭാഗമായി ബറൂച്ച്, ഭാവ്‌നഗർ സീറ്റുകളിൽ എഎപി മത്സരിക്കുന്നുണ്ടെന്നും രണ്ട് സീറ്റുകളിലും വിജയിക്കുമെന്നും ജഗദീഷ് താക്കൂര്‍ പറഞ്ഞു. 'ഞാൻ കണക്കുകൾ ഊഹിച്ച് പറയുന്നില്ല. എങ്കിലും ഇന്ത്യാസഖ്യം തീർച്ചയായും നിരവധി സീറ്റുകൾ നേടും'- താക്കൂർ കൂട്ടിച്ചേര്‍ത്തു.
ആനന്ദിൽ നിന്ന് സിഎൽപി നേതാവ് അമിത് ചാവ്ദ, അമ്രേലിയിൽ നിന്ന് ജെന്നിബെൻ തുമ്മർ, വൽസാദിൽ നിന്ന് അനന്ത് പട്ടേൽ, പഞ്ച്മഹൽ സീറ്റുകളിൽ നിന്ന് ഗുലാബ് സിൻഹ് ചൗഹാൻ എന്നിവരുൾപ്പടെ ശക്തരായ നേതാക്കളെയും സിറ്റിങ് എംഎൽഎമാരെയുമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കി ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് മുൻ സംസ്ഥാന അധ്യക്ഷനും അങ്കലാവ് അസംബ്ലി സീറ്റിൽ നിന്ന് അഞ്ച് തവണ എംഎൽഎയുമായ അമിത് ചാവ്‌ദയെ ആനന്ദ് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഗുജറാത്ത് മഹിള കോൺഗ്രസ് അധ്യക്ഷ ജെന്നിബെൻ തുമ്മർ, മുൻ എംപി വിർജി തുമ്മറിന്‍റെ മകളാണ്. 2004ൽ അമ്രേലിയിൽ നിന്ന് ജെന്നിബെന്‍ വിജയിച്ചെങ്കിലും 2014ൽ പരാജയപ്പെട്ടിരുന്നു.
ലുനാവാഡ നിയമസഭ മണ്ഡലത്തില്‍ ബിജെപിയുടെ ജിഗ്നേഷ് സേവക്കിനെ 25,000 വോട്ടുകൾക്കാണ് ഗുലാബ് സിൻഹ് ചൗഹാൻ പരാജയപ്പെടുത്തിയത്. ഗാന്ധിനഗറിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് എഐസിസി സെക്രട്ടറി സൊണാൽ പട്ടേൽ. സബർകാന്തയിൽ മുതിർന്ന ആദിവാസി നേതാവ് തുഷാർ ചൗധറിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. പ്രഭ കിഷോർ തവിയാദ് ദഹോദ് സീറ്റിലും മത്സരിക്കും.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ചേർന്ന്, ബിജെപിയുടെ 52 ശതമാനത്തിനെതിരെ 40 ശതമാനം വോട്ട് വിഹിതം നേടിയിയിരുന്നു. ഇതാണ് ഇത്തവണ സഖ്യത്തില്‍ പ്രതീക്ഷവയ്ക്കാനുള്ള കാരണമായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
'പാർട്ടിയുടെ ശക്തിയും സ്ഥാനാർഥികള്‍ക്ക് ലഭിക്കുന്ന ഫീഡ്‌ബാക്കും അടിസ്ഥാനമാക്കിയാണ് ഞങ്ങൾ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. 2022ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഞങ്ങൾ സംസ്ഥാന സംഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഞങ്ങൾ നന്നായി പ്രവർത്തിക്കും'- ഗുജറാത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി രാം കിഷൻ ഓജ പറഞ്ഞു.
സോണിയ ഗാന്ധിയുടെ മുൻ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന, അന്തരിച്ച അഹമ്മദ് പട്ടേലിന്‍റെ മകൾ മുംതാസ് പട്ടേൽ ബറൂച്ചിൽ സീറ്റ് തേടിയിരുന്നെങ്കിലും എഎപിക്ക് നല്‍കിയതിനാല്‍ അവസരം ലഭിച്ചില്ല. മുംതാസ് ആദിവാസി മേഖലയായ നവസാരി സീറ്റിലായിരിക്കും. ശേഷിക്കുന്ന സീറ്റുകളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ജഗദീഷ് താക്കൂർ പറഞ്ഞു.