അഹമ്മദാബാദ്: രാജ്യത്തെ നദികളുടെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സിങ് രംഗത്ത്. നദീ പുനരുജ്ജീവകനും പരിസ്ഥിതി പ്രവര്‍ത്തകനും ആണ് ജലമനുഷ്യന്‍ എന്ന് അറിയപ്പെടുന്ന സിങ്. ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്.
വരും വര്‍ഷങ്ങളില്‍ കടുത്ത ജലക്ഷാമവും കാലാവസ്ഥ പ്രതിസന്ധിയും നാം നേരിടേണ്ടി വരുമെന്നും ഇടിവി ഭാരതിനോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ജലദൗര്‍ലഭ്യം മൂലം ഇതിനകം തന്നെ ലക്ഷങ്ങള്‍ പലായനം ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ സിങ് 2001ലെ മഗ്‌സസെ പുരസ്‌കാര ജേതാവാണ്. 2015ലെ സ്റ്റോക്‌ഹോം ജലപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1975ല്‍ അദ്ദേഹം സ്ഥാപിച്ച എന്‍ജിഒയാണ് തരുണ്‍ ഭാരത് സംഘ്(ടിബിഎസ്).
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിരവധി നദികള്‍ ഉള്ളത് കൊണ്ടുതന്നെ ഇന്ത്യയെ ജല നാടെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി ഇന്ന് വളരെ ആശങ്കജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നദികളില്ലാത്ത സംസ്‌കാരങ്ങളില്ല. ഇന്ത്യന്‍ സമൂഹം പരിണമിച്ചത് നൂറ്റാണ്ടുകളോളം പ്രകൃതിയുമായി ഉള്ള ഐക്യപ്പെടലിലൂടെയാണ്. പുരാതന കാലത്ത് നാം എല്ലാ രംഗങ്ങളിലും മുന്‍പന്തിയിലായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ആ പ്രൗഢി നഷ്‌ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നദികള്‍ ഒഴുകട്ടെ
നദികളെ മനോഹരമാക്കാന്‍ രാജ്യത്തും ലോകത്ത് തന്നെയും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നദികള്‍ തീവ്രമായി മലിനീകരിക്കപ്പെട്ടിരിക്കുന്നു. നദികളെ പഴയപടിയാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രാജ്യത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാനാകൂവെന്നും രാജ്യത്തെ ജലപദ്ധതികള്‍ ഇവയെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനന്ദ് സര്‍വകലാശാലയുടെ പദ്ധതി
സിങ് ആദ്യമായി പ്രാക്‌ടീസ് പ്രൊഫസര്‍ എന്ന തസ്‌തികയില്‍ ആനന്ദ് സര്‍വകലാശാലയില്‍ ചേര്‍ന്നിരിക്കുന്നു. പാരിസ്ഥിതിക പഠനത്തിന് രൂപരേഖ തയാറാക്കുകയാണ് ഇദ്ദേഹത്തിന്‍റെ ജോലി. ഒപ്പം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ജലവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യാം. രാജ്യത്തെ പരമ്പരാഗത അറിവുകള്‍ പുനരുജ്ജീവിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. രാജ്യത്തെ ജലസംഭരണികളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ ഗാന്ധി പീസ് ഫൗണ്ടേഷന്‍ അംഗം രമേശ് ശര്‍മ്മയുടെ തന്‍റെ വീട്ടിലെ സന്ദര്‍ശനമാണ് സിങിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. തന്‍റെ വീട്ടിലെത്തിയ ശര്‍മ്മ ഗ്രാമത്തില്‍ ശുചീകരണം നടത്തിയതാണ് കൊച്ച് സിങിനെ സ്വാധീനിച്ചത്. ഗ്രാമീണര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ആ കുഞ്ഞു ബാലനില്‍ അതോടെ ഉണര്‍ന്നു. തുടര്‍ന്നാണ് ഗ്രാമീണര്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വിപത്തായ മദ്യത്തിനെതിരെ പ്രവര്‍ത്തനങ്ങളുമായി സിങ് രംഗത്ത് എത്തിയത്.
തുടര്‍ന്ന് പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിലേക്ക് സിങ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇതിന് പുറമെ തന്‍റെ ഇംഗ്ലീഷ് അധ്യാപകനും സിങിലെ സാമൂഹ്യപ്രവര്‍ത്തകന് ഊര്‍ജ്ജം പകര്‍ന്നു. സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന പ്രതാപ് സിങ് ക്ലാസില്‍ വിവിധ സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുമായിരുന്നു. ഇതും സിങിലെ സാമൂഹ്യപ്രവര്‍ത്തകനെ പരുവപ്പെടുത്തി.
Also Read: ഭക്തർ ഇനി ദാഹിച്ചു വലയേണ്ട; ശബരിമലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കിയോസ്‌ക്കുകൾ സജ്ജം