സരണ്‍ : മാജ്‌ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് ഗോബര്‍ഹി ഗ്രാമം. അടുത്തിടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കി അവിടെയൊരു ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ കര്‍മം നടന്നു. ശിവശക്തി ധാം എന്ന ഈ ക്ഷേത്രം പക്ഷേ, ശിവനോടുള്ള കടുത്ത ഭക്തിയുടെ മാത്രമല്ല, ഭര്‍ത്താവിന് ഭാര്യയോടുള്ള അമരമായ സ്‌നേഹത്തിന്‍റെ പ്രതീകം കൂടിയാണ്. മുംതാസിന്‍റെ വേര്‍പാടിനെ തുടര്‍ന്ന് പ്രിയപത്‌നിയ്‌ക്കായി താജ്‌മഹല്‍ പണിത ഷാജഹാന്‍റെ കഥയോളം പ്രണയാര്‍ദ്രമാണ് ഈ ക്ഷേത്രത്തിന് പിന്നിലെ കഥയും.
'ഒരു ക്ഷേത്രം പണിത് കാണുക എന്നത് എന്‍റെ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവളുടെ ആഗ്രഹം നിറവേറ്റാന്‍ എനിക്കായില്ല. അവളുടെ അസുഖം എനിക്കതിനുള്ള സമയം തന്നില്ല' -ബിസിനസുകാരനായ വിജയ് സിങ് ഇടിവി ഭാരതിനോട് പറഞ്ഞതിങ്ങനെ.
അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഭാര്യയോടുള്ള സ്‌നേഹവും ബഹുമാനവും നിറഞ്ഞുനിന്നിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹാശിവരാത്രി ദിനത്തിലാണ് വിജയ് സിങ്ങിന്‍റെ ഭാര്യ രേണു ഈ ലോകത്തോട് വിടപറഞ്ഞത്. തന്‍റെ മരണശേഷം തനിക്കായി ഒരു അമ്പലം പണിയണമെന്ന് ഭര്‍ത്താവിനോട് അവസാനമായി ഒരാഗ്രഹം പറഞ്ഞാണ് രേണു വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. പിന്നീട് ഭാര്യയുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാനുള്ള തിരക്കിലായിരുന്നു വിജയ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രേണുവിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ ക്ഷേത്ര നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തന്‍റെ പ്രിയതമയുടെ ഓര്‍മയ്‌ക്കായി പടുത്തുയര്‍ത്തുന്ന ക്ഷേത്രം മികച്ചതായിരിക്കണമെന്ന് വിജയ്‌ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബന്ധുക്കളുമായും കരകൗശല വിദഗ്‌ധരുമായും ആര്‍ക്കിടെക്‌ടുകളുമായും പലതവണ കൂടിയാലോചനകള്‍ അദ്ദേഹം നടത്തുകയും ചെയ്‌തു. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്താണ് പൂര്‍ത്തിയായത്.
ഏകദേശം 2.5 കോടി ചെലവിലാണ് ക്ഷേത്രം പണിതത്. ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാനില്‍ നിന്നടക്കം കരകൗശല വിദഗ്‌ധരെ കൊണ്ടുവന്നു. വലിയൊരു ശ്രീകോവിലാണ് ക്ഷേത്രത്തിന്. അവിടെ ഒരു ശിവലിംഗവും പ്രതിഷ്‌ഠിച്ചു. ക്ഷേത്രത്തിന് ശിവ ശക്തി ധാം എന്നു പേരുമിട്ടു.
ശാന്തവും ഭക്തി നിര്‍ഭരവുമായ ചുറ്റുപാട്. ശിവഭക്തിയ്‌ക്കൊപ്പം ഭാര്യയോടുള്ള സ്‌നേഹത്തിന്‍റെയും പ്രതീകം. രേണുവിന്‍റെ ആഗ്രഹം സരണ്‍ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമായി ഉയര്‍ന്നങ്ങനെ നില്‍ക്കുകയാണ്.
'ഇതൊരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ക്ഷേത്രത്തോടൊപ്പം വേദ വിദ്യാലയവും ഉടന്‍ ആരംഭിക്കും' -വിജയ് സിങ്ങിന്‍റെ സഹോദരന്‍ ദേവേന്ദ്ര സിങ് പറഞ്ഞുനിര്‍ത്തുന്നു.