ബെംഗളൂരു: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി വിതരണം ചെയ്യാന്‍ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വില വരുന്ന 1681 എല്‍ഇഡി ടിവികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. ബെംഗളൂരുവിലെ ബിടിഎം ലോക്‌സഭ മണ്ഡലത്തിലെ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ടിവികളാണ് പിടിച്ചെടുത്തത്. ഇത്രയും ടിവികള്‍ ആരാണ് സൂക്ഷിച്ചതെന്നും എന്തിന് വേണ്ടിയാണെന്നും അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാദേശിക പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് (Election officials seized 1681 LED TVs worth Rs 1.84 crore).

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പല വിധത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല വിലപിടിച്ച സാധനങ്ങളും വോട്ടര്‍മാര്‍ക്ക് നല്‍കുന്നു. കഴിഞ്ഞ ദിവസം കൃത്യമായ രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നഗരത്തിലെ 104 ഭാഗങ്ങള്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. എല്ലായിടവും കനത്ത ജാഗ്രത പുലര്‍ത്തുന്നു. പത്ത് കിലോ വീതമുള്ള 940 പായ്ക്കറ്റ് ഭാരത് അരിയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചാമരാജ നഗറില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണം കഴിഞ്ഞ ദിവസം പിടികൂടിയ സാഹചര്യത്തിലാണ് ഇത്. ഗുണ്ടിപേട്ട് താലൂക്കിലെ മഡ്ഡൂര്‍ ചെക്ക് പോസ്‌റ്റില്‍ രേഖകളില്ലാതെ മൂന്ന് ലക്ഷത്തോളം രൂപയാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരള, തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഉദേഷും സംഘവും ഹാരിസ് എന്നൊരു ഡ്രൈവറില്‍ നിന്ന് 97,000 രൂപ പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോകുകയായിരുന്നു വാഹനം. പിക്ക് അപ് ഡ്രൈവറായ ജംഷിറില്‍ നിന്ന് 117 ലക്ഷം രൂപയും പിടികൂടി. ജോഷി കൈനാടി എന്ന കാര്‍ ഡ്രൈവറില്‍ നിന്ന് 3.14 ലക്ഷം രൂപയും പിടികൂടിയിരുന്നു.
തമിഴ്‌നാട്ടിലെ കെക്കനഹള്ള ചെക്ക് പോസ്‌റ്റിലൂടെ വരുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. പൊലീസും റവന്യൂ വകുപ്പും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. വാഹനങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും നമ്പരും രേഖപ്പെടുത്തുന്നുമുണ്ട്.