ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും ഭൂരിപക്ഷം തെളിയിച്ചു. 62 എഎപി എംഎല്‍എമാരില്‍ 54 പേരാണ് സഭയില്‍ ഹാജരായിരുന്നത്(Delhi Assembly ). എഎപിയുടെ രണ്ട് എംഎല്‍എമാര്‍ ജയിലിലാണ്. ചിലര്‍ക്ക് സുഖമില്ലാത്തതിനാലും ചിലര്‍ സ്ഥലത്ത് ഇല്ലാത്തതിനാലും ഹാജരാകാനായില്ല. സഭയില്‍ എഎപിക്ക് ഭൂരിപക്ഷം ഉണ്ട്. പക്ഷേ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും വോട്ടെടുപ്പ് വേളയില്‍ കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
ബിജെപി തങ്ങളുടെ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഇപ്പോള്‍ ഏറ്റവും വലിയ തലവേദന എഎപിയാണ്. അത് കൊണ്ടാണ് നാലുപാട് നിന്നും തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞാലും 2029ഓടെ രാജ്യത്തെ ബിജെപി മുക്തമാക്കുകയാണ് എഎപിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറഞ്ഞു(Vote of Confidence).
ഒരു ബിജെപി എംഎല്‍എമാത്രമാണ് വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് കൂടിയായ രാംവീര്‍ സിങ് ബിന്ധൂരിയും സഭയില്‍ ഉണ്ടായിരുന്നില്ല. ബാക്കി ബിജെപി അംഗങ്ങളെല്ലാം സസ്‌പെന്‍ഷന്‍ നേരിടുന്നവരാണ്.
കസ്‌തൂര്‍ബാ നഗര്‍ എംഎല്‍എ മദന്‍ ലാല്‍ ആണ് പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ബിെജപി കെജ്‌രിവാള്‍ സര്‍ക്കാരിനെ തകര്‍ക്കാനും പരാജയപ്പെടുത്താനും ആവര്‍ത്തിച്ച് ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പാര്‍ട്ടി സമാജികരെ വേട്ടയാടുന്നു. തങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിരന്തരം ഇടപെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെജരിവാള്‍ തന്നെ കൊണ്ടുവന്ന വിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം സഭയിലെത്തി. രാവിലെ പതിനൊന്ന് മണിയോടെ തന്നെ പ്രമേയത്തിന്‍മേല്‍ നടപടികള്‍ തുടങ്ങി.
കോടതിയില്‍ ഹാജരായി കെജ്‌രിവാള്‍: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് റൗസ് അവന്യൂ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി. ആവര്‍ത്തിച്ചുള്ള സമന്‍സുകള്‍ കെജ്‌രിവാള്‍ അവഗണിക്കുന്നുവെന്ന എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയിലാണ് കെജ്‌രിവാള്‍ കോടതിയില്‍ ഹാജരായത്. ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയക്കേസിലാണ് ഇഡി മുഖ്യമന്ത്രിക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്.
നിയമസഭയില്‍ അവിശ്വാസ പ്രമയവും ബജറ്റ് സമ്മേളനവും നടക്കുന്നതിനാല്‍ തനിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകാനാകില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന മദ്യനയക്കേസില്‍ അഞ്ച് സമന്‍സുകള്‍ ഇഡി നല്‍കിയിട്ടും കെജ്‌രിവാള്‍ ഹാജരാകാത്തതിനാല്‍ ഇന്ന് കോടതിയിലെത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
നിയമപോദേശം തേടിയ ശേഷം ഇഡിക്ക് മറുപടി നല്‍കുമെന്ന് നേരത്തെ എഎപി നേതാവ് ഗോപാല്‍ റായി വ്യക്തമാക്കിയിരുന്നു. അടുത്ത വാദത്തിന് മുഖ്യമന്ത്രി നേരിട്ട് എത്തുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ രമേഷ് ഗുപ്‌ത കോടതിയെ ബോധിപ്പിച്ചു.
എഎപി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങും കോടതിയില്‍ നേരിട്ട് ഹാജരായി. അതേസമയം സത്യേന്ദ്ര ജയിന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കോടതിയിലെത്തിയത്.