ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ലെഫ്‌റ്റ് ബാങ്ക് കനാൽ (എസ്‌എൽബിസി) തുരങ്കം തകർന്ന സ്ഥലം സന്ദർശിക്കാത്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ച് ബിആർഎസ് നേതാവ് കെ കവിത. സംഭവത്തെ ഗൗരവമായി കാണണമെന്നും രക്ഷാപ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഉടന്‍ ഏറ്റെടുക്കണമെന്നും കവിത ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് കവിതയുടെ പ്രതികരണം.
'എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതൊരു ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കാര്യങ്ങളിൽ ശ്രദ്ധാലുവല്ലെന്നും അറിയുന്നതും മനസ്സിലാക്കുന്നതും അതിലും ദൗർഭാഗ്യകരമായ കാര്യമാണ്. മുഖ്യമന്ത്രി ഉടൻ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ഈ സംഭവത്തെ വളരെ ഗൗരവമായി കാണണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തി മുഴുവൻ കാര്യങ്ങളും ശ്രദ്ധിക്കണം.'- കെ കവിത പറഞ്ഞു.
അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) യാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും തുരങ്കത്തില്‍ കുടുങ്ങയിവരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് തെലങ്കാന മന്ത്രി ഉത്തം കുമാർ റെഡ്ഡി ഇന്ന് (ഫെബ്രുവരി 27) അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കുംമെന്നും മന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്ക രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച വിദഗ്‌ധ ഖനിത്തൊഴിലാളികളുടെ ഒരു സംഘത്തെ സഹായത്തിനായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. തെലങ്കാനയിലെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും എന്തായാലും ലക്ഷ്യം വിജയം കാണുമെന്നും രക്ഷാപ്രവർത്തകരിൽ ഒരാളായ മുന്ന ഖുറേഷി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണ് തെലങ്കാനയിലെ നാഗർകുർണൂല്‍ ജില്ലയിലെ ദോമാലപെന്തയില്‍ നിര്‍മാണത്തിലിരുന്ന എസ്‌എൽബിസി തുരങ്കത്തിന്‍റെ മൂന്ന് മീറ്റർ ഭാഗം മേല്‍ക്കൂര ഇടിഞ്ഞു വീണത്.
എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിട്ടുള്ളത്. ഇതില്‍ ഏഴ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുര്‍ജീത് സിങ് (പഞ്ചാബ്), സന്നിത് സിങ് (ജമ്മു കശ്‌മീര്‍), ശ്രീനിവാസലു മനോജ് റുബേന (ഉത്തര്‍പ്രദേശ്), സന്ദീപ് സന്തോഷ്, ജത്ക ഹീരന്‍ (ജാര്‍ഖണ്ഡ്), എന്നിവരാണ് തുരങ്കത്തില്‍ കുടുങ്ങിയ ഏഴ് പേര്‍. അപകടം നടക്കുന്നതിന് നാല് ദിവസം മുന്‍പാണ് തുരങ്കത്തിന്‍റെ നിര്‍മാണം പുനരാരംഭിച്ചത്.