ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്‌ടോബർ 1 ന് നടക്കേണ്ട ഹരിയാന തെരഞ്ഞെടുപ്പ് ഒക്‌ടോബർ 5-ലേക്ക് നീട്ടി. ജമ്മു കശ്‌മീർ, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒക്‌ടോബർ 8-ലേക്ക് നീട്ടിയതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഗുരു ജംഭേശ്വരന്‍റെ സ്‌മരണാർത്ഥം അസോജ് അമാവാസി ആഘോഷത്തിൽ പങ്കെടുക്കുന്ന ബിഷ്‌ണോയി സമുദായത്തിന്‍റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്‌ടോബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന പോളിങ് തീയതി പുനഃക്രമീകരിക്കണമെന്ന് ബിക്കനീരിലെ അഖിലേന്ത്യ ബിഷ്‌ണോയ് മഹാസഭ ദേശീയ പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
'അസോജ്' മാസത്തിലെ അമാവാസിയിൽ രാജസ്ഥാനിലെ ബിക്കനീര്‍ ജില്ലയില്‍ നടക്കുന്ന വാർഷിക ഉത്സവത്തിന്‍റെ സമയത്ത് പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങൾ രാജസ്ഥാനിലെ അവരുടെ ജന്മഗ്രാമമായ മുകാം സന്ദർശിക്കുന്നത് ദീർഘകാലമായുള്ള ആചാരമാണ്. ബിഷ്‌ണോയ് സമുദായത്തിന്‍റെ ഗുരു ജംഭേശ്വരന്‍റെ ഓർമ്മയ്ക്കായാണിത്.
ഈ വർഷം ഒക്‌ടോബർ 2 ന് ഉത്സവം നടക്കുമെന്നും സിർസ, ഫത്തേഹാബാദ്, ഹിസാർ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ബിഷ്‌ണോയി കുടുംബങ്ങൾ വോട്ടവകാശം നിഷേധിച്ച് വോട്ടെടുപ്പ് ദിവസം രാജസ്ഥാനിലേക്ക് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. മുമ്പും വിവിധ സമുദായങ്ങളുടെ വികാരം മാനിച്ച് കമ്മിഷൻ തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയിട്ടുണ്ട്.
2022 ലെ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത്, ഗുരു രവിദാസ് ജയന്തിക്ക് വാരണാസിയിലേക്ക് ഭക്തർക്ക് യാത്ര ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. മണിപ്പൂരിൽ 2022 ലെ മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രിസ്‌ത്യൻ സമൂഹത്തിന്‍റെ ഞായറാഴ്ച പ്രാർത്ഥനമാനിച്ച് പോളിങ് തീയതികളിൽ മാറ്റം വരുത്തിയിരുന്നു. മീലാദ് പ്രമാണിച്ച് 2012-ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാറ്റിയതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Also Read : 'വിജയിച്ചാലും തീരുമാനങ്ങളൊന്നും നടപ്പാക്കാനാകില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല': മെഹബൂബ മുഫ്‌തി