ആഗ്ര: രാജ്യത്തെ കര്‍ഷകര്‍ക്കെതിരെയും രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെയും നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത് നടത്തിയത് അപകീര്‍ത്തി പരാമര്‍ശമെന്ന പരാതിയില്‍ എംപിക്ക് നോട്ടീസ് അയച്ച് കോടതി. ആഗ്രയിലെ എംപി-എംഎൽഎ കോടതിയാണ് വ്യാഴാഴ്‌ച വീണ്ടും കങ്കണയ്‌ക്ക് സമൻസ് അയച്ചത്.
രാജ്യതലസ്ഥാനത്ത് നടത്തിയ കര്‍ഷകരുടെ സമരത്തെ അധിക്ഷേപിച്ച് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന് സമാനമായ അരാജകത്വം സൃഷ്‌ടിക്കാൻ കർഷകർ ശ്രമിച്ചെന്നും സമരത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗവും അരങ്ങേറിയെന്നും അവർ ആരോപിച്ചു. കര്‍ഷകരുടെ പ്രക്ഷോഭത്തിൽ വിദേശശക്തികൾക്ക് പങ്കുണ്ട്. കർഷകർ തഴച്ചുവളർന്നുവെന്നും സമരത്തിന്‍റെ മറവിൽ വിദേശക്തികൾ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ബിജെപി എംപി ആരോപിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ രാമശങ്കർ ശർമ്മ രാജ്യദ്രോഹം, രാജ്യത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകൾ പ്രകാരം 2024 സെപ്റ്റംബർ 11-ന് സ്പെഷ്യൽ ജഡ്‌ജ് എംപി-എംഎൽഎ കോടതിയിൽ കങ്കണയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തിരുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്കെതിരെ ബിജെപി എംപി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. 'രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്‍റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഈ രണ്ട് അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെയും രാമശങ്കർ ശർമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കങ്കണ റണാവത്തിന് ആഗ്രയിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചത്.
"രാജ്യത്തെ കർഷകർക്കെതിരെ മോശം പരാമർശങ്ങൾ നടത്താനും മഹാത്മാഗാന്ധിയുടെ അഹിംസ തത്വത്തെ അപമാനിക്കാനും ആരെയും അനുവദിക്കില്ല. രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരെക്കുറിച്ച് കങ്കണ മോശം പരാമർശങ്ങൾ നടത്തി. ഇത് സഹിക്കാൻ കഴിയില്ല," കോൺഗ്രസ് നേതാവ് രാമശങ്കര്‍ പറഞ്ഞു.
"രാജ്യദ്രോഹവും രാഷ്‌ട്രത്തെ അപമാനിക്കുന്നതും പോലുള്ള ഗുരുതരമായ കുറ്റകൃത്യമാണിത്. ഈ സാഹചര്യത്തിൽ, കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹത്തിനും രാഷ്‌ട്രത്തെ അപമാനിക്കുന്നതിനും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു," കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
സംഭവത്തില്‍ കോടതി കങ്കണയ്‌ക്കെതിരെ നേരത്തെ നോട്ടീസുകൾ അയച്ചിരുന്നുവെങ്കിലും നടി ഇതുവരെ കോടതിയില്‍ എത്തുകയോ, വാദം കേൾക്കലിന് ഹാജരാകുകയോ ചെയ്‌തിട്ടില്ലെന്നും, അവർക്കുവേണ്ടി ഒരു അഭിഭാഷകനും കോടതിയിൽ ഹാജരായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ 2024 സെപ്റ്റംബര്‍ 24ന് കങ്കണ ക്ഷമാപണം നടത്തിയിരുന്നു. തന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.
Also Read: യുപിയുടെ മാതൃഭാഷ ഹിന്ദിയായിരുന്നോ?: ത്രിഭാഷാ നയത്തെ ശക്തമായി എതിർത്ത് എംകെ സ്‌റ്റാലിൻ