thumbnail

By

Published : Jun 1, 2023, 11:34 AM IST

ETV Bharat / Videos

വിവരങ്ങൾ ശേഖരിച്ച് എൻഐഎ, അട്ടിമറി സംശയിച്ച് റെയില്‍വേ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അന്വേഷണം

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. റെയില്‍വേ പൊലീസും കേരള പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കേസില്‍ എൻഐഎയും വിവരങ്ങൾ തേടിയിട്ടുണ്ട്. 

ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവം നടന്ന ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ അട്ടിമറിയുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന്‍റെ ബോഗി കത്തി നശിച്ചത്. 

ഒരു ബോഗി പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ആർക്കും പരിക്കില്ല. എന്നാല്‍, ട്രെയിനിന് സമീപം കാനുമായി ഒരാൾ പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ബിപിസിഎല്ലിന്‍റെ ഇന്ധന സംഭരണി തീപിടിച്ച ട്രെയിനിന്‍റെ 100 മീറ്റർ മാത്രം അകലെയാണെന്നതാണ് അട്ടിമറി സംശയത്തിലേക്ക് നയച്ചത്. വലിയ അപകടമാണ് ഒഴിവായതെന്നും അധികൃതർ പറയുന്നുണ്ട്. 

ഏപ്രില്‍ രണ്ടിന് ഇതേ ട്രെയിനിന് തീവെച്ച കേസില്‍ എൻഐഎ നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ട് മാസത്തിനിടെ വീണ്ടും തീപിടിത്തമുണ്ടാകുന്നത്. ഈ കേസില്‍ പ്രതിയായ ഷാരൂഖ് സെയ്‌ഫിയെ മഹാരാഷ്ട്രയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഷാരൂഖ് സെയ്‌ഫി ഇപ്പോൾ റിമാൻഡിലാണ്. ഈ കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി എൻഐഎ സംഘം ഷാരൂഖിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അടക്കം ചോദ്യം ചെയ്‌തിരുന്നു. 

ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയ ഷാരൂഖിന്‍റെ സുഹൃത്തിന്‍റെ അച്ഛനെ കൊച്ചിയിലെ ലോഡ്‌ജ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് 19ന് നടന്ന ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.  

സുരക്ഷയില്‍ ആശങ്ക: കേരളത്തില്‍ തുടർച്ചയായുണ്ടാകുന്ന ട്രെയിൻ തീപിടിത്ത സംഭവങ്ങളില്‍ റെയില്‍വേയുടെ ഭാഗത്തുള്ള വീഴ്‌ചയില്‍ ഇതിനകം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ വർധിപ്പിക്കുമെന്ന് റെയില്‍വേ പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

Also read : ഷാരൂഖ് സെയ്‌ഫി തീവെച്ച ട്രെയിനില്‍ വീണ്ടും തീപിടിത്തം; അട്ടിമറിയെന്ന് സംശയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ബോഗി കത്തിനശിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.