ഛണ്ഡിഗഡ് : ചെറുപ്പത്തില്‍ തലയുടെ ഒരു ഭാഗത്തായി ചെറിയൊരു മുഴ വന്നു. കാലക്രമേണ അതില്‍ നിന്നും മാംസം വളര്‍ന്നിറങ്ങി മുഖം മറച്ചു. കൂടാതെ ഒരു കണ്ണിന്‍റെ കാഴ്‌ചയും ഒരു ചെവിയുടെ കേള്‍വിയും നഷ്‌ടമായി. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന ഈ അപൂര്‍വ രോഗം ഇരുട്ടുവീഴ്‌ത്തിയത് പഞ്ചാബ് താല്‍വണ്ടി സാബോയിലെ ലാഹിരി ഗ്രാമവാസിയായ ഗോവര്‍ദ്ധന്‍റെ ജീവിതത്തിലാണ്.
തലയുടെ വശത്ത് തുടങ്ങിയ മുഴ ക്രമേണ വലുതാവുകയായിരുന്നുവെന്ന് ഗോവര്‍ദ്ധന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്‍റെ തലയുടെയും മുഖത്തിന്‍റെയും ഒരു വശത്തേക്ക് മുഴുവനായും മാംസം വളര്‍ന്നിറങ്ങിയ അവസ്ഥയിലാണ്. ഗോവര്‍ദ്ധന്‍റെ ഒരു കണ്ണും ചെവിയും മാംസത്തിനടിയിലായി.
മുഴ നീക്കം ചെയ്യുന്നതിനുള്ള ചികിത്സകള്‍ക്കായി ഗോവര്‍ദ്ധന്‍ ലുധിയാനയിലേക്ക് പോയിരുന്നു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അത് ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പും നല്‍കി. കൂടാതെ അത് ബുദ്ധിപരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്നും രോഗം പൂര്‍ണമായി മാറുമെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതോടെ ശസ്ത്രക്രിയ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
വല്ലാതെ തന്‍റെ രൂപം മാറിയതോടെ സമൂഹത്തില്‍ നിന്ന് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാലും ഗ്രാമവാസികള്‍ ഗോവര്‍ദ്ധന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. തന്‍റെ സ്ഥലം വിറ്റാണ് അദ്ദേഹം നേരത്തെ ചികിത്സ ആവശ്യങ്ങള്‍ നടത്തിയിരുന്നത്.
നിലവില്‍ പലചരക്ക് കട നടത്തിയാണ് ഗോവര്‍ദ്ധന്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. അതേസമയം സര്‍ക്കാരില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.