ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്ഫോണുകളുടെയും മറ്റ് ഓണ്‍ലൈന്‍ ടൂളുകളുടെയും വ്യാപനം ആളുകള്‍ അവരുടെ ജീവിതത്തിന്‍റെ പല നിര്‍ണായക കാര്യങ്ങളും നിര്‍വഹിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗര്‍ഭ കാലഘട്ടത്തിലും പ്രസവാനന്തരവുമുള്ള പരിചരണം, കുട്ടികളെ വളര്‍ത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയില്‍ വിവരങ്ങള്‍ തേടാന്‍ സ്‌മാര്‍ട്ട് ഫോണുകള്‍ സ്‌ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്നു. പ്രസവ പരിചരണം, പേരന്‍റിങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എന്നിവയ്‌ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന മൈലോ(Mylo) എന്ന സ്ഥാപനം മാതൃപരിചരണത്തിലും കുട്ടികളെ വളര്‍ത്തുന്ന കാര്യങ്ങളിലും ഡിജിറ്റല്‍ സൊലൂഷന്‍സ് എത്രമാത്രം കാര്യക്ഷമമാണ് എന്ന് അറിയാനായി ഇന്ത്യയിലെ 4,600 സ്‌ത്രീകളില്‍ സര്‍വേ നടത്തി.
ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര വനിത ദിനത്തിന്‍റെ തീമില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരുന്നു സര്‍വേ നടത്തിയത്. #DigitalALL: നവീന ആശയവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് എന്നതായിരുന്നു ഈ വര്‍ഷത്തെ വനിത ദിനത്തിന്‍റെ തീം. പാരന്‍റിങ്ങിലും കുട്ടികളുടെ പരിപാലനത്തിലുമുള്ള ഇന്ത്യന്‍ സ്‌ത്രീകളുടെ അനുഭവത്തില്‍ സാങ്കേതിക വിദ്യ എത്രത്തോളം ഉള്‍പ്പെട്ടിട്ടുണ്ട് എന്നായിരുന്നു സര്‍വേ പരിശോധിച്ചത്.
വിവരങ്ങള്‍ക്കായി ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നു: പാരന്‍റിങ്ങുമായി ബന്ധപ്പെട്ടും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ടിപ്പുകളും റിസോഴ്‌സുകളും എവിടെ നിന്ന് ലഭിക്കുന്നു എന്ന ചോദ്യത്തിന് 61 ശതമാനം ആളുകളും ഉത്തരം നല്‍കിയത് മൊബൈല്‍ ആപ്പുകളില്‍ നിന്നും, സമൂഹ മാധ്യമങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പാരന്‍റിങ് ഫോറത്തില്‍ നിന്നുമാണെന്നാണ്. പെട്ടെന്ന് വിവരങ്ങള്‍ ലഭ്യമാകുന്നു എന്നുള്ളത് കൊണ്ടും വ്യക്തി അനുസൃതമായ വിവരങ്ങള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവരില്‍ നിന്ന് ലഭിക്കുന്നു എന്നുള്ളതും ഇതിന് കാരണമാണ്.
മറ്റ് അമ്മമാരുമായി എളുപ്പം ആശയവിനിമയം നടത്താന്‍ സാധിക്കും എന്നുള്ളതും അമ്മമാരുടെ ഒരു കൂട്ടായ്‌മയുടെ ഭാഗമാകാന്‍ സാധിക്കും എന്നുള്ളതും പ്രസവ പ്രസവാനന്തര പരിചണ ഘട്ടത്തില്‍ വേണ്ട വിവരങ്ങള്‍ ലഭിക്കാനായി തങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്ന് സര്‍വേയില്‍ പങ്കെടുത്ത പലരും വ്യക്തമാക്കി. തങ്ങളെ എങ്ങനെ വിലയിരുത്തും എന്ന് ഭയക്കാതെ പേര് വെളിപ്പെടുത്താതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഓണ്‍ലൈന്‍ ഇടത്തില്‍ സാധിക്കും എന്നുള്ളത് ഇന്‍റര്‍നെറ്റിന്‍റെ ഒരു നേട്ടമാണ്.
വ്യക്‌തി അനുസൃതമായ ഉള്ളടക്കങ്ങള്‍: ഇന്‍റര്‍നെറ്റിലെ വിവരങ്ങളുടെ ലഭ്യത സമയവും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നു എന്ന് 32 ശതമാനം പേര്‍ വ്യക്തമാക്കി. വ്യക്തികള്‍ക്ക് അനുസൃതമായ ഉള്ളടക്കങ്ങളും ഡോക്‌ടറെ നേരിട്ട് സമീപിക്കാതെ തന്നെ വൈദ്യ ഉപദേശം ലഭിക്കുമെന്നുള്ളതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്‍റെ പ്രധാനപ്പെട്ട നേട്ടങ്ങളാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചത് കാരണം തങ്ങളുടെയും തങ്ങളുടെ കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെട്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം സ്‌ത്രീകളും പറഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത വിവരങ്ങള്‍ ലഭ്യമാകലില്‍ കൂടുതല്‍ ജനാധിപത്യം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിവരങ്ങളുടെ കുത്തൊഴുക്ക് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. ഒരേ കാര്യത്തില്‍ പരസ്‌പര വിരുദ്ധമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്നു. അതുകൊണ്ട് തന്നെ വിവരങ്ങളുടെ കൃത്യത സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നു. ഇത് വെരിഫൈഡ് ആയ വിവരങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നു.
സാങ്കേതിക വിദ്യ വിപ്ലവാത്‌മകമായ മാറ്റങ്ങള്‍ വരുത്തി: പ്രഗ്‌നന്‍സി ട്രാക്കര്‍, ന്യൂട്രീഷന്‍സ് ചാര്‍ട്ട്‌സ് തുടങ്ങിയവയാണ് കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് (62 ശതമാനം). 18 ശതമാനം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം എന്നിവയാണ് ഉപയോഗിക്കുന്നത്.
പ്രസവ, പ്രസവാനന്തര സംരക്ഷണത്തെയും, പാരന്‍റിങ്ങിനെയും നമ്മള്‍ സമീപിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യ വളരെയധികം വിപ്ലവാത്‌മകമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സൊലൂഷന്‍സ് കൂടുതല്‍ വ്യാപകവും യൂസര്‍ഫ്രന്‍റ്‌ലിയും ആകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള സ്‌ത്രീകള്‍ മാതൃപരിപാലനത്തിനും ശിശു പരിപാലനത്തിനും അവ കൂടുതല്‍ ആയി ഉപയോഗിക്കുകയാണെന്ന് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നു.