വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കാറിൽ കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി (23) എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ട കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ്, അടിവാരം സ്വദേശി പ്യാരി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. എന്‍.ഡി.പി.എസ് പ്രകാരമാണ് കേസെടുത്തത്.
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലഹരി വരവ് കുറഞ്ഞതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ആവശ്യക്കാര്‍ എന്ന നിലയില്‍ ബന്ധപ്പെടുകയും രണ്ട് കിലോ കഞ്ചാവിന് അമ്പതിനായിരം രൂപയ്ക്ക് വില ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താമരശ്ശേരി, അടിവാരം, കല്‍പറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്‌സൈസ് സംഘം കുടുക്കിയത്.