വയനാട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊറ്റില്ലങ്ങളിൽ ഒന്നായ വയനാട് പനമരം കൊറ്റില്ലത്തെ സംരക്ഷിക്കാൻ പുതിയ പദ്ധതി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡും പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കൊറ്റികൾ കൂടു വച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇടമാണ് കൊറ്റില്ലം. 40 ഇനം പക്ഷികൾ പനമരം പുഴയോട് ചേർന്നുള്ള ഇവിടെ പ്രജനനം ചെയ്യുന്നുണ്ട്. ഒരേക്കറോളം വരുന്ന കൊറ്റില്ലത്തിൽ 20 സെന്‍റ് സ്ഥലം കഴിഞ്ഞ പ്രളയത്തിൽ പുഴയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപയുടെ പദ്ധതിയാണ് കൊറ്റില്ല സംരക്ഷണത്തിനായി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊറ്റില്ലത്തിന് ചുറ്റുമായി തരിശിട്ട 400 ഏക്കറോളം പാടത്ത് ജൈവകൃഷി നടപ്പാക്കും. കൊറ്റികൾ കൃഷി നശിപ്പിച്ചാൽ കർഷകർക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകാനാണ് ധാരണ.കൊറ്റില്ലത്തെ പൈതൃക കേന്ദ്രമാക്കി വളർത്തലാണ് പദ്ധതിയുടെ ലക്ഷ്യം.