വയനാട്: ടാറിംഗിനെ തുടർന്ന് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന റോഡിലൂടെ കടക്കാൻ ശ്രമിച്ച കാർ തടഞ്ഞയാളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍. വയനാട് ജില്ലയിലെ മൂളിത്തോട് അയിലമൂല റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡ്രൈവർ കല്ലാച്ചി സ്വദേശി എടിയേരിക്കണ്ടി മുഹമ്മദ് അഷ്കറിനെ (28) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.
ടാറിംഗ് നടക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങൾ തടയാൻ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അതു വഴി കടന്നു വന്ന അഷ്കറിനെ തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടയുകയും ഇരു വിഭാഗവും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്ന് അഷ്കർ പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് ഓടിച്ചു പോയി. അതിനിടെ, കാറിനു മുന്നില്‍ നിന്നിരുന്ന തൊഴിലാളിയായ വാളേരി സ്വദേശി രജീഷിന് നേർക്കാണ് കാർ ഇടിച്ചുകയറ്റിയത്.
ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്‍റെ ബോണറ്റില്‍ രജീഷ് 70 മീറ്റർ ദൂരം തൂങ്ങിക്കിടന്ന ശേഷം റോഡിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ നിസാര പരിക്കുകളോടെ രജീഷ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് അഷ്കറിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാറിനെ പിന്തുടർന്നെത്തിയ നാട്ടുകാർ കാർ അടിച്ചു തകർത്തു.