തൃശ്ശൂർ: നാടൊരുമിച്ച് ഒരു ജലസ്രോതസിനെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ കൂട്ടായെത്തി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മതിലകം സർക്കാർ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികൾ. പ്രദേശത്ത് മാതൃകാപരമായി മുന്നേറുന്ന പെരുന്തോട് നവീകരണം അമ്പത് ശതമാനം പൂര്‍ത്തിയായപ്പോഴാണ് വിദ്യാർഥികളും പ്രകൃതി സംരക്ഷണ സന്ദേശവുമായി നാടിനൊപ്പം കൈകോർക്കാൻ എത്തിയത്. 'തോടിനേയും പ്രകൃതിയേയും സംരക്ഷിക്കുക' എന്നെഴുതിയ ബാനറുകളുമേന്തി മുപ്പതോളം കുട്ടികളാണ് തോടിന്‍റെ ജലസമൃദ്ധി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായെത്തിയത്. ഞാവല്‍, മാവ്, ആത്ത തുടങ്ങിയ അമ്പതോളം ഫലവൃക്ഷങ്ങളാണ് തോടിന് ഇരുകരകളിലുമായി ഇവർ നട്ടത്. ഇവയുടെ സംരക്ഷണവും കുട്ടികള്‍ തന്നെ ഏറ്റെടുക്കുമെന്ന് മരം നടീലിന് നേതൃത്വം നല്‍കിയ പ്രധാന അധ്യാപിക കെഎം സിജി പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടാണ് പെരുന്തോട്-വലിയതോട്. തോടിന്‍റെ രണ്ടാം ഘട്ട നവീകരണത്തില്‍ ഒരുകോടി രൂപയിലധികം അയ്യായിരം രൂപ ചിലവഴിച്ചു കൊണ്ടാണ് 6950 മീറ്റര്‍ പുനരുദ്ധാരണപ്രവൃത്തി പൂര്‍ത്തീകരിച്ചത്. 4625 മീറ്റര്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ചാണ് തോടിന് സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്. പുനരുദ്ധാരണപ്രവര്ത്തനത്തിന്റെ ഭാഗമായി ഭൂഗര്ഭജലത്തിന്റെ അളവ് വര്‍ധിക്കുകയും സമീപവാസികള്‍ക്ക് മത്സ്യം, പച്ചക്കറി കൃഷികള്‍ എന്നിവയിലൂടെ വരുമാനമാര്‍ഗം വര്‍ധിപ്പിക്കാനും സാധിച്ചു.
പെരുന്തോടിന്‍റെ ഓരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇരുവശവും നടപ്പാതകള്‍ നിര്‍മ്മിക്കുകയും ഇരിപ്പിടങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചു. രാമച്ചം, പുല്ല്, മുള എന്നിവ നട്ട് മണ്ണൊലിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സ്ലൂയിസ് വാല്‍വുകള്‍, തടയണ എന്നിവ സ്ഥാപിക്കുക, വയോജനങ്ങള്‍ക്ക് വിശ്രമസമയം ചെലവഴിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, തോടിന് ഇരുവശവും സോളാര്‍ ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങൾ കൂടി ഭാവിയിൽ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.