തൃശ്ശൂർ: പഠനത്തോടൊപ്പം സ്‌കൂൾ വിദ്യാർഥികള്‍ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കുന്ന മാതൃകാ പദ്ധതിക്ക് തുടക്കം കുറിച്ച് ആളൂര്‍ രാജര്‍ഷി സ്മാരക ഹയര്‍ സെക്കന്‍ററി സ്‌കൂൾ. വിദ്യാർഥികള്‍ക്ക് വരുമാനവും അറിവും നേടാൻ പ്രാപ്തമാക്കുന്നതിന്‍റെ ഭാഗമായി സൗജന്യമായി ആട്ടിന്‍കുഞ്ഞുങ്ങളെ നല്‍കുന്നതാണ് പദ്ധതി. വിദ്യാര്‍ഥികളില്‍ കൃഷി ആഭിമുഖ്യവും സ്വയംപര്യാപ്തതയിൽ അടിസ്ഥാനമായ സമ്പാദ്യശീലവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് അതിജീവനം എന്ന പേരില്‍ രാജര്‍ഷി സ്മാരക ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പിടിഎ ആട്ടിന്‍കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഏതാനും വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കിയത്. അയ്യായിരം രൂപയോളം വിലവരുന്ന ജമ്‌നാപ്യാരി ഇനത്തിലുള്ള ആടുകളെയാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കിയത്. ഓരോ വിദ്യാര്‍ഥിയും ആടിനെ വളര്‍ത്തി വലുതാക്കി ആദ്യ പ്രസവത്തില്‍ ഉണ്ടാകുന്ന ആട്ടിന്‍കുഞ്ഞുങ്ങളില്‍ ഒന്നിനെ സ്‌കൂളിന് തിരികെ നല്‍കണമെന്നതാണ് വ്യവസ്ഥ. ഇങ്ങനെ ലഭിക്കുന്ന ആട്ടിന്‍കുട്ടികളെ അടുത്ത ഘട്ടത്തില്‍ തെരഞ്ഞടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കും. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ വിദ്യാര്‍ഥികള്‍ക്ക് ആടുകളെ കൈമാറികൊണ്ട് അതിജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ഒരു കൈത്താങ്ങാകുക എന്നതു കൂടി പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പ്രിന്‍സിപ്പൽ ടി.ജെ.ലെയ്‌സന്‍ പറഞ്ഞു. ഇവയുടെ പരിചരണത്തിനായി ഒരു മാസത്തേക്കുള്ള തീറ്റയും ഇതോടൊപ്പം നല്‍കി. ആളൂര്‍ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ ആടുകളുടെ പരിപാലനം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി.