തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലയിലെ മത സംഘടനകളുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേരുടെ ഭരണഘടന സംരക്ഷണ വലയം. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഭരണഘടന സംരക്ഷണ വലയം തീർത്തത്. ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവർ വടക്കേ സ്റ്റാൻഡ് വഴി ഇൻഡോർ സ്റ്റേഡിയത്തിലും കുന്നംകുളം, ഗുരുവായൂർ, മണലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവർ പടിഞ്ഞാറെ കോട്ടയിലെ നേതാജി ഗ്രൗണ്ടിൽ നിന്നും ബാക്കി മണ്ഡലങ്ങളിൽ നിന്നുള്ളവർ ശക്തൻ സ്റ്റാൻഡ് പരിസരത്തുമാണ് വലയം തീര്‍ക്കാനെത്തിയത്. ഇതോടെ സ്വരാജ് റൗണ്ട് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു.
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: ബഹാവുദ്ധീൻ നദ്‌വി കൂരിയാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, ടി.എൻ പ്രതാപൻ എംപി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.