തിരുവനന്തപുരം : ചന്ദ്രയാന്‍ 3 എന്ന സ്വപ്‌ന ദൗത്യത്തിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഐഎസ്ആര്‍ഒ ആരംഭിച്ച് കഴിഞ്ഞു. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയും എത്തും. ചന്ദ്രയാന്‍ 3നെ കുറിച്ച് ചന്ദ്രയാന്‍, മംഗള്‍യാന്‍ പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിഎസ്എസ്‌സി മുന്‍ ഡയറക്‌ടർ എം.സി ദത്തന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ചന്ദ്രയാന്‍ 3 ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യമാകും : വെള്ളിയാഴ്‌ച വിശാഖപട്ടണത്തെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്ന രാജ്യത്തിന്‍റെ മൂന്നാമത്തെ ശാസ്ത്ര ദൗത്യം വലിയ ചരിത്ര നേട്ടമാകുമെന്ന് എം.സി ദത്തന്‍. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ലാന്‍ഡര്‍ ഇറക്കി റോവര്‍ ഉപയോഗിച്ച് വിശദമായ പഠനമാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ചന്ദ്രന്‍റെ ഉപരിതലത്തിലെ ധാതുക്കള്‍, ജല ലഭ്യത എന്നിവയിലും വിശദമായ പഠനം നടക്കും. നാളെ വിക്ഷേപണത്തിലൂടെ ആരംഭിക്കുന്ന ദൗത്യം ഓഗസ്റ്റ് ഇരുപത്തി മൂന്നിനോ ഇരുപത്തി നാലിനോ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. പ്രൊപ്പല്‍ഷന്‍ മോഡ്യൂളിനോട് ചേര്‍ന്നാണ് ലാന്‍ഡര്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവ സങ്കീര്‍ണമായ പ്രവര്‍ത്തിയാണ് ലാന്‍ഡിങ്ങില്‍ നടക്കുക.
അല്‍ഗോരിതങ്ങളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് ഏറെ സങ്കീര്‍ണമായാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ 1.4 ടണ്‍ ഭാരമുള്ള ലാൻഡർ ഇറങ്ങുക. അതിനുശേഷം ലാൻഡറിൽ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. 25 കിലോ ഭാരമുള്ള റോവറില്‍ രണ്ട് പോ ലോഡുകളാണ് ഉള്ളത്. റോവര്‍ ചന്ദ്രോപരിതലത്തിലെ മണ്ണ് അടക്കം പരിശോധിച്ച് ആ വിവരങ്ങള്‍ ലാൻഡറിന് കൈമാറും. ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കുന്നത് ലാൻഡറാണ്. വിജയിച്ചാല്‍ ലോകത്തിനുതന്നെ അദ്ഭുതമായി ഈ ദൗത്യം മാറും.
ചന്ദ്രയാന്‍ 2 പരാജയമല്ല : രണ്ടാം ചന്ദ്രയാന്‍ ദൗത്യം പരാജയമായി കരുതാന്‍ കഴിയില്ലെന്ന് എം.സി ദത്തന്‍ പറഞ്ഞു. ലക്ഷ്യമിട്ടതിന്‍റെ 90 ശതമാനവും കൈവരിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ലാൻഡര്‍ ഇറക്കുന്നതില്‍ മാത്രമാണ് പരാജയപ്പെട്ടത്. ആദ്യ പരാജയത്തില്‍ നിന്നുകൂടി പാഠം ഉള്‍ക്കൊണ്ടാണ് ഇപ്പോഴത്തെ ദൗത്യത്തിലേക്ക് കടക്കുന്നത്. രണ്ടാം ദൗത്യത്തിലെ ഓര്‍ബിറ്റ് തന്നെയാണ് ഈ ദൗത്യത്തിനായും ഉപയോഗിക്കുന്നത്.
എല്‍.വി.എം 3 കരുത്തുറ്റ റോക്കറ്റ് : ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് നാളത്തെ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. 5 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ വരെ 36000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കാന്‍ കഴിയും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ അടക്കം കഴിയുന്ന രീതിയില്‍ മാര്‍ക്ക് 3 റോക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച മാർക്ക് 3 റോക്കറ്റ് 7-ാമത്തെ ദൗത്യത്തിനാണ് നാളെ തയ്യാറെടുക്കുന്നത്. മാര്‍ക്ക് 3 റോക്കറ്റ് ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും എം.സി ദത്തന്‍ വ്യക്‌തമാക്കി. ഈ റോക്കറ്റിന്‍റെ നിര്‍മ്മാണത്തിന്‍റെ ഘട്ടങ്ങളിലെല്ലാം പ്രധാന പങ്ക് വഹിച്ചയാളാണ് എം.സി ദത്തന്‍.
ചന്ദ്രയാന്‍ 1 വലിയ മാറ്റം ഉണ്ടാക്കി : പൂര്‍ണമായും വിജയിച്ച ചന്ദ്രയാന്‍ 1 വലിയ മാറ്റമാണ് കൊണ്ടുവന്നതെന്ന് എം.സി ദത്തന്‍. നേരത്തെയും മികച്ച നേട്ടങ്ങളുണ്ടെങ്കിലും ആ ദൗത്യം വിജയിച്ചത് ലോകത്തിന്‍റെ ശ്രദ്ധ ഇന്ത്യയിലേക്ക് വലിയ തോതില്‍ കൊണ്ടുവന്നു. ഇസ്രോയ്ക്ക് വലിയ സ്വീകാര്യത കിട്ടി. യുവാക്കള്‍ കൂടുതല്‍ ഇസ്രോയുടെ ഭാഗമായി. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചെല്ലാം പഠനം നടന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് എന്ത് ഗുണം ഉണ്ടായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കഴിയില്ല. ശാസ്ത്ര ദൗത്യമായതിനാല്‍ പഠനം ആണ് പ്രധാനം.
കുറഞ്ഞ ചെലവ് ഐഎസ്ആര്‍ഒയുടെ മാത്രം പ്രത്യേകത : വലിയ ദൗത്യങ്ങള്‍ കുറഞ്ഞ ചെലവില്‍ നടത്താന്‍ കഴിയുന്നത് ഐഎസ്‌ഐആര്‍ഒയുടെ മാത്രം പ്രത്യേകതയാണെന്ന് എം.സി ദത്തന്‍ പറഞ്ഞു. അതിന് സഹായകമായ നിരവധി ഘടകങ്ങളാണുള്ളത്. നിര്‍മാണത്തിനാവശ്യമായ ഘടകങ്ങളുടെ വിലക്കുറവ് അതില്‍ പ്രധാനമാണ്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മനുഷ്യാധ്വാനവും ഇതിന് സഹായകമാണ്. ചന്ദ്രയാൻ 1ന് 386 കോടിയും ചന്ദ്രയാന്‍ 2 ന് 970 കോടിയും ചന്ദ്രയാന്‍ 3ന് 615 കോടിയുമാണ് ചെലവ്. ഇത് ലോകത്തെ മുഴുവന്‍ അത്‌ഭുതപ്പെടുത്തുന്നതാണ്.