തിരുവനന്തപുരം: രണ്ട് മാസത്തിലധികമായി നീളുന്ന വിഴിഞ്ഞം സമരം ഒത്തു തീര്‍പ്പാക്കാന്‍ സി.പി.എം നേതൃത്വം ഇടപെടുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ രൂപത നേതാക്കളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്ന് (സെപ്‌റ്റംബര്‍ 24) വൈകിട്ട് 3.30ന് ചര്‍ച്ച നടത്തും. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലാണ് ചര്‍ച്ച നടക്കുക .
ചര്‍ച്ചയ്ക്ക് തങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടറി ക്ഷണിച്ചതായി സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതിയുമായി മന്ത്രിസഭാഉപസമിതി കഴിഞ്ഞ ദിവസം നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുക, വീട് നഷ്‌ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചാണ് സമരം.
മന്ത്രിസഭാഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ കഴിയില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. സമരക്കാര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്‌ക്കാനാകില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തുറമുഖ മന്ത്രി വി.അബ്‌ദുറഹ്മാന്‍ നടത്തിയ പ്രസ്‌താവന പ്രശ്‌നം കൂടുതല്‍ വഷളാക്കി.
മത്സ്യ മേഖലയിലെ അനിശ്ചിതകാല സമരം സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ചര്‍ച്ചയ്‌ക്ക് മുന്‍കൈ എടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
also read: വിഴിഞ്ഞം സമരം കടുപ്പിക്കാനൊരുങ്ങുന്നു; സെപ്‌റ്റംബര്‍ 19 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്