സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനായി യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരുന്നത്. ഉഭയകക്ഷി ചർച്ചകള്‍ക്കായി നേതാക്കളെ യോഗം ചുമതലപ്പെടുത്തും. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും കൂടുതല്‍ സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമിടാൻ യുഡിഎഫ് യോഗം ചേരുന്നത്. ഘടക കക്ഷികളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച തുടങ്ങാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.
അത്യാർത്തി പിടിച്ചതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമായ ആവശ്യങ്ങള്‍ ഘടക കക്ഷികള്‍ ഉന്നയിക്കരുതെന്ന ആവശ്യവുമായി വി. എം സുധീരൻ രംഗത്തെത്തിയിട്ടുണ്ട്.