തിരുവനന്തപുരം : 2021-2022 വർഷത്തെ സംസ്ഥാന സർക്കാരിന്‍റെ മൊത്തം റവന്യൂ വരുമാനം (Total Revenue Income Of State Govt) മുൻ വർഷങ്ങളേക്കാൾ വർധിച്ചതായി നിയമസഭയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (Comptroller and Auditor General) റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ 1,16,640.24 കോടിയാണ് സംസ്ഥാന സർക്കാരിന്‍റെ മൊത്തം റവന്യൂ വരുമാനം. തനത് വരുമാനം 68,803.03 കോടിയാണ്.
അതായത്, മൊത്തം വരുമാനത്തിന്‍റെ 59 ശതമാനം തനത് വരുമാനമാണ്. മൊത്തം വരുമാനത്തിന്‍റെ 41 ശതമാനമായ 47,837.21 കോടി കേന്ദ്ര സർക്കാരിൽ നിന്നുള്ള വരവാണ്. സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 24.23 ശതമാനമായ 28,258.39 കോടി രൂപ കുടിശ്ശികയാണ് (Arrears). നികുതി നിർണയത്തിൽ വിറ്റുവരവ് ഒഴിവാക്കപ്പെട്ടതിന്‍റെ ഫലമായി നികുതിയും പലിശയും ഉൾപ്പടെ 12 കോടിയുടെ കുറവാണ് സർക്കാരിന്‍റെ റവന്യൂ വരുമാനത്തിലുണ്ടായതെന്നും സി എ ജി റിപ്പോർട്ടിലുണ്ട് (CAG Report).
യോഗ്യരായ കാൽ ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പെൻഷൻ തുക (Pension) നിരസിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകിയ പണം തിരിച്ചുപിടിച്ചിട്ടില്ല (Tax Collection). ഈ ഇനത്തിൽ 4.08 കോടി രൂപ നഷ്‌ടമുണ്ട്. 75 വയസ് തികയുന്നതിന് മുമ്പ് ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച നിരക്കിൽ പെൻഷൻ വിതരണം ചെയ്‌തു. ബ്രഹ്മപുരം പ്ലാന്‍റിനെതിരെയും സി എ ജി റിപ്പോർട്ടിൽ വിമർശനമുണ്ട്.
ബ്രഹ്മപുരത്തെ സംസ്‌കരണ കേന്ദ്രത്തിൽ (Bhrahmapuram Waste Plant) ലീചേറ്റ് (leachate) സംസ്‌കരണ പ്ലാന്‍റുകൾ പ്രവർത്തനരഹിതമായിരുന്നു. ഞെളിയൻ പറമ്പിലെ സംസ്‌കരണ കേന്ദ്രത്തിലും സമാനസ്ഥിതിയാണ്. മാലിന്യം ശരിയായ രീതിയിൽ തരംതിരിക്കുന്നില്ല. സാമൂഹ്യ സുരക്ഷ പെൻഷൻ - പ്രാരംഭ അപേക്ഷകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നില്ലെന്നും സി എ ജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
നിർബന്ധിത സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു. അപേക്ഷ സമർപ്പിക്കാതെ പോലും ഗുണഭോക്താക്കളെ ചേർത്തു. സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകി. ഈ ഇനത്തിൽ 39.27 കോടി രൂപ ചെലവായെന്നും സി എ ജി റിപ്പോർട്ടിൽ പരാമർശിക്കുന്നു.