തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കുന്നത് പാട്ട് പുരയിലെ തോറ്റംപാട്ടാണ്. ദേവിയുടെ അവതാര ചരിത്രമാണ് പത്ത് ദിവസങ്ങളിലായി പാടുന്നത്. ദേവിയെ പുറത്തെഴുന്നള്ളിച്ച് പാടി കുടിയിരുത്തുന്നതോടെയാണ് ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമാവുക. ഉത്സവത്തിന്‍റെ രണ്ടാം ദിവസം ദേവിയുടെ വിവാഹ ഒരുക്കങ്ങളും മൂന്നാം ദിവസം വിവാഹവുമാണ് പാടുക. ഈ രണ്ട് ദിവസത്തേയും പാട്ടുകൾ മാലപ്പുറം പാട്ടെന്നാണ് അറിയപ്പെടുന്നത്.
ദേവിയുടെ ഭർത്താവ് കോവലൻ ദരിദ്രനായി തീരുന്നതും തുടർന്ന് ദേവിയുടെ നിർബന്ധത്തിന് വഴങ്ങി ചിലമ്പ് വിൽക്കാനായി കൊണ്ടു പോകുന്നതുമാണ് നാലാം ദിവസത്തെ കഥ. ആറാം ദിവസത്തെ പാട്ടിലാണ് പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന ഭാഗം പാടുക. കോവലന്‍റെ മരണവാർത്തയറിഞ്ഞ ദേവി കൈലാസത്തെത്തി മഹാദേവനിൽ നിന്ന് വരം വാങ്ങി ഭർത്താവിനെ ജീവിപ്പിക്കുന്ന ഭാഗം ഏഴാം ദിവസം പാടും. ദേവിയുടെ പ്രതികാരമാണ് എട്ടും ഒൻപതും ദിവസം പാടുന്നത്. ഭർത്താവിനെ ചതിച്ച സ്വർണപ്പണിക്കാരനേയും പാണ്ഡ്യരാജാവിനേയും വധിക്കുന്ന ഭാഗം പാടി കഴിയുമ്പോഴാണ് പൊങ്കാല അടുപ്പിലേക്ക് തീ പകരുക. പത്താം ദിവസം പൊലിപ്പാട്ട് പാടി കാപ്പഴിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. കൈതാളം തട്ടിയാണ് തോറ്റം പാട്ട് പാടുന്നത്.
കൊഞ്ചിറ വിള സ്വദേശി മധു ആശാനാണ് ആറ്റുകാലിൽ തോറ്റം പാട്ട് പാടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറയായി ക്ഷേത്രത്തിൽ തോറ്റംപാട്ട് പാടുന്ന മധു ആശാന്‍റെ കുടുംബത്തിനാണ് ഇതിനുള്ള അവകാശം. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രത നിഷ്‌ഠയോടെയാണ് തോറ്റം പാട്ട് പാടുക. തോറ്റം പാട്ട് എഴുതി പഠിക്കാൻ പാടില്ലെന്നും ഗുരുമുഖത്ത് നിന്ന് മാത്രമേ തോറ്റം പാട്ട് പഠിക്കാന്‍ പാടുള്ളുവെന്നുമാണ് വിശ്വാസം.