തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പോഷണ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. 'സൂക്ഷ്മ പോഷണക്കുറവ് - വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും' എന്ന വിഷയത്തിലാണ് കേരളത്തിൽ ആദ്യമായി ദേശീയ പോഷണ സമ്മേളനം സംഘടിപ്പിച്ചത്. കുട്ടികൾക്കിടയിൽ സൂക്ഷ്മ പോഷണ ക്കുറവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം.
സംസ്ഥാന ന്യൂട്രിഷൻ പോളിസി പുനരവലോകനം ചെയ്ത് കേരളത്തിന് അനുയോജ്യമായ പുതിയ കർമ്മ പദ്ധതി സമ്മേളനത്തിന്‍റെ ഭാഗമായി തയാറാക്കും. ആരോഗ്യ മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് സൂക്ഷ്മ പോഷണ കുറവ് സംബന്ധിച്ച പ്രശ്നം എളുപ്പത്തിൽ മറികടക്കാൻ സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരളാ ഗവർണ്ണർ പറഞ്ഞു. മന്ത്രി കെ.കെ ഷൈലജയുടെ പ്രവർത്തനങ്ങളെയും കേരളാ ഗവർണ്ണർ അഭിനന്ദിച്ചു. കുട്ടികളിലെ സൂക്ഷ്മ പോഷണ കുറവ് തടയാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.