തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യം.
ഗൂഢാലോചനയിൽ സർക്കാർ അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തൽ പുറത്തുവന്ന അന്നുതന്നെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായത് ഇതിന് തെളിവാണ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കലാപം നീട്ടണമെന്നാണ് ലക്ഷ്യം. കഥ ഉണ്ടാക്കി പറയുന്നവർക്ക് എന്തും പറയാം. ഇത്തരം സംഭവങ്ങൾക്ക് അൽപായുസ് മാത്രമേ ഉള്ളൂ. പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്.
സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുതെന്ന ഉദ്ദേശത്തോടെയാണ് പ്രശ്നം വീണ്ടും കുത്തിപ്പൊക്കിയത്. സ്വപ്ന 164 പ്രകാരം മൊഴി വെളിപ്പെടുത്തിയത് അസാധാരണ നടപടിയാണ്. സ്വപ്‌ന നൽകിയ മൊഴിയിൽ വൈരുധ്യമുണ്ട്. ഓരോ ഘട്ടത്തിലും ഓരോ മൊഴി നൽകുന്നു. അവരുടെ മൊഴി എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് ചിന്തിക്കണം. മുഖ്യമന്ത്രിയുടെ രാജിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം.
Also Read: 'ഷാജിനെ വര്‍ഷങ്ങള്‍ മുന്‍പേ അറിയാം, മകനെ നഷ്‌ടപ്പെടുമെന്ന് ഭീഷണി'; ശബ്‌ദരേഖ പുറത്തുവിട്ട് സ്വപ്‌ന
എന്നാൽ കള്ളക്കഥകൾക്ക് മുന്നിൽ ഇടതുമുന്നണി തല കുനിക്കില്ല. സർക്കാരിനെ രക്ഷിക്കാൻ ജനങ്ങൾ അണിനിരക്കണം. അതിനാവശ്യമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ വിജിലൻസ് മുന്നറിയിപ്പില്ലാതെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിജിലൻസിന് അവരുടേതായ നടപടികളുണ്ട്. അത് തടയാനാകില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
വിജിലൻസ് ആക്ട് ഉപയോഗിച്ച് വിജിലൻസിന് ഇടപെടാം. സരിത്തിന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുള്ളതിനാൽ അതിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് കടത്തുന്നത് താനാണെന്ന ഷാജ് കിരണിന്‍റെ ആരോപണം അദ്ദേഹം തള്ളി. കമല ഇന്‍റര്‍നീഷണൽ പേലൊരു കഥയാണ് ഇതും.
ചികിത്സയ്ക്കായി പലതവണ അമേരിക്കയിൽ പോയിട്ടുണ്ട്. ചെലവ് സ്വന്തമായാണ് വഹിച്ചത്. ഷാജ് കിരണിനെ അറിയില്ലെന്നും കോടിയേരി പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണങ്ങളിൽ പാർട്ടിക്ക് ആശങ്കയില്ല. ഏത് ഏജൻസിയും ഏത് വിധത്തിലുള്ള അന്വേഷണവും നടത്തട്ടെ. വരുന്നിടത്തു വെച്ച് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.