കാട്ടാക്കട പൂവച്ചലിലെ ന്യൂ ഓണ് ഓർഗാനിക്ക് ഫിഷ് ഫോമിൽ നടന്ന മത്സ്യ കൃഷി വിളവെടുപ്പ് ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഉപ വിഭാഗമായ നാഷണൽ അക്വറ്റിക്ക് അനിമൽ ഹെൽത്ത് വികസിപ്പിച്ചെടുത്ത നൂതന മത്സ്യ കൃഷി രീതിയായ ഹൈ ഡെൻസിറ്റി റീ സർക്കുലേഷൻ സിസ്റ്റം വഴിയാണ് മത്സ്യം ഉൽപ്പാദിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ വിജയവാഡയിലെ രാജീവ് ഗാന്ധി റിസർച്ച് സെന്‍ററിൽ നിന്നും ഗിഫ്റ്റ് തിലോപ്പിയ മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്‍റെ ലൈസൻസോടെയാണ് വളർത്തുന്നത്. നൂറു ശതമാനം ജൈവ ആഹാരം മാത്രം നൽകി ശുദ്ധജലത്തിൽ വളർത്തി അമോണിയയും മറ്റു രാസവസ്തുക്കളും കലരാതെയാണ് ഇവ ആവശ്യക്കാർക്ക് നേരിട്ടു നൽകുന്നത്.
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ NCAAH CUSAT ഡോ ഐ എസ് ബ്രൈറ്റ് സിങ് മുഖ്യാതിഥി ആയിരുന്നു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് എസ് രാമകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരികുഞ്ഞ്, പ്രോജക്ട് മാനേജർ അമ്പാടി കണ്ണൻ, സുജിത് കുമാർ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ബീന സുകുമാരൻ, ഷീജ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ അനിത, സോമൻ, മുരളി, അജയൻ തുടങ്ങിയവർ സംസാരിച്ചു.