തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിധി പരിശോധിക്കാന്‍ വിശാല ബഞ്ചിന് കൈമാറിയുള്ള സുപ്രീംകോടതി വിധി ഫലത്തില്‍ സ്റ്റേ തന്നെയെന്ന് സര്‍ക്കാരിന് നിയമോപദേശം. സ്റ്റേ ഉണ്ടെന്നോ ഇല്ലെന്നോ വിധിയില്‍ വ്യക്തമാക്കാത്തതിനാല്‍ യുവതീ പ്രവേശനമാകാമെന്ന വാദത്തെ നിയമ വിദഗ്‌ദര്‍ തള്ളുന്നു. തീരുമാനം സുപ്രീംകോടതിയുടെ വിശാല ബഞ്ചിന് കൈമാറിയതു മുതല്‍ അന്തിമ വിധി വരുന്നതുവരെയുള്ള കാലത്തേക്ക് ഇത് സ്റ്റേ ആയി പരിഗണിക്കണമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
സുപ്രീംകോടതിയുടെ അന്തിമ വിധി ക്ഷേത്ര ആചാര സംരക്ഷണത്തെ അംഗീകരിക്കുന്ന ഒന്നാകാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളാനാകില്ല. അങ്ങനെയെങ്കില്‍ അന്തിമ വിധി വരും മുന്‍പ് ക്ഷേത്രാചാരം തകര്‍ത്താല്‍ അത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സര്‍ക്കാരിനാകില്ല. അതിനാല്‍ ഏഴംഗ ബഞ്ചിന്‍റെ വിധി വരും വരെ ശബരിമലയില്‍ ആചാരങ്ങള്‍ അതേ പടി തുടരണം എന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ തവണ സര്‍ക്കാരിന് മുന്നില്‍ കൃത്യമായ വിധിയാണുണ്ടായിരുന്നത്. അത് അനുസരിച്ചാണ് കഴിഞ്ഞ തവണ യുവതീ പ്രവേശവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇത്തവണ സാഹചര്യം ആകെ മാറി. പുനപരിശോധനയ്ക്കുള്ള സാഹചര്യമൊരുങ്ങി. അന്തിമ തീര്‍പ്പാകും വരെ ശബരിമലയിലെ ആചാരങ്ങള്‍ അതേപടി തുടരട്ടെ എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. യുവതീ പ്രവേശത്തില്‍ സര്ക്കാരിന്റെ മനം മാറ്റത്തിന് കാരണവും ഇതാണ്. അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദും നിയമ സെക്രട്ടറിയും ഈ നിലയ്ക്കാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയോട് സര്‍ക്കാര്‍ വീണ്ടും ഉപദേശം തേടിയിട്ടുണ്ട്.