തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ. ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളോടെ മാളുകൾക്ക് പ്രവർത്തിക്കാം എന്ന് സർക്കാർ. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങളാണ് ഷോപ്പിങ് മാളുകൾക്കും ബാധകമാവുക. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഒൻപത് മണി വരെയാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 9 മുതൽ 31 വരെ സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം നടത്തും. അവസാന വർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ നൽകുകയാണ് വാക്‌സിനേഷൻ യജ്ഞത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയുമെന്ന് കണക്കാക്കിയാണ് വിതരണം. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാം. മുതിർന്ന പൗരന്മാർക്കുള്ള വാക്സിനേഷൻ ഓഗസ്റ്റ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.