തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ മാർഗനിർദേശങ്ങൾ ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവച്ചത് നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർഗനിർദേശം ജൂൺ ഒന്നിന് തന്നെ കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും അതിന്‍റെ പകർപ്പും അയച്ചുകൊടുത്തിട്ടുണ്ട്. ഇതു മറച്ചുവെച്ചാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നിയമംലംഘിച്ച് ഓഡിറ്റ് നിർത്തിവെച്ച ഡയറക്‌ടറെ പിരിച്ചു വിടുകയാണ് വേണ്ടത്. കള്ളം കയ്യോടെ പിടിച്ചതിന്‍റെ വിഭ്രാന്തിയും ജാള്യതയുമാണ് ധനമന്ത്രി തോമസ് ഐസക്കിന്. അതിന് ആരോപണമുന്നയിച്ചയാളെ അക്രമിക്കുകയാണ്. കൊവിഡിന്‍റെ മറവിൽ നടത്തിയ കൊള്ള പ്രതിപക്ഷം പുറത്ത് കൊണ്ട് വരിക തന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്കളർ കരാറിനെ കുറിച്ച് പരിശോധിച്ച കമ്മിഷൻ റിപ്പോർട്ട് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഡേറ്റ ചോർച്ച ഉണ്ടായിട്ടുണ്ട്. 200 കോടിയുടെ അഴിമതി എന്ന പ്രതിപക്ഷം ആരോപണം ശരിയാവുകയാണ്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് ഉറപ്പു ഉള്ളതുകൊണ്ടാണ് മന്ത്രി കെ.ടി.ജലീൽ നിരന്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്. ഇതിൽ ചട്ടപ്രകാരം നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.