തിരുവനന്തപുരം: പീഡന, മർദന കേസുകളിൽ എൽദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാനം വിട്ട് പോകരുത് എന്ന ഉപാധി എൽദോസ് ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്.
ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ്‌പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്ന ഉപാധിയോടെയായിരുന്നു എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതു ലംഘിച്ചാണ് എല്‍ദോസ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സർക്കാർ വാദം.
കോടതിയുടെ അനുമതി വാങ്ങാതെ റായ്‌പൂരിലെ സമ്മേളനത്തിൽ പങ്കെടുത്തതിനാൽ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണം എന്നായിരുന്നു ആവശ്യം. എന്നാൽ താൻ പോയത് ഒരു രാഷ്ട്രീയ പരിപാടിയിൽ മാത്രമാണെന്നും ഇത് കോടതിയെ അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു എന്നായിരുന്നു എൽദോസിന്‍റെ മറുപടി.
എംഎൽഎ ആയതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന പാർട്ടിയുടെ ഔദ്യോഗികവുമായ പരിപാടികളിൽ പങ്കെടുക്കാൻ ജാമ്യ വ്യവസ്ഥയിലെ അന്യ സംസ്ഥാന യാത്രാവിലക്ക് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എൽദോസിന് അനുകൂലമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് എൽദോസിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. പീഡന കേസിലെ പരാതിക്കാരിയെ മർദിച്ചു എന്നതായിരുന്ന രണ്ടാമത്തെ കേസ്.