തിരുവനന്തപുരം: നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി ഉറപ്പാക്കി മന്ത്രിസഭാ യോഗ തീരുമാനമെത്തിയതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലായിരുന്ന കായിക താരങ്ങൾ സമരം അവസാനിപ്പിച്ചു. ആറു വർഷത്തെ കാത്തിരിപ്പിനും 45 ദിവസത്തെ അതിജീവന സമരത്തിനും അന്ത്യം കുറിക്കാനായതിന്‍റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കായിക താരങ്ങൾ.
ആറു വർഷം മുമ്പ് വാഗ്ദാനം ലഭിച്ചതും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉറപ്പു കിട്ടിയതുമായ ജോലി കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് 84 താരങ്ങളെ തേടിയെത്തുന്നത്. അർഹിക്കുന്ന ജോലി കിട്ടാൻ കാത്തിരിപ്പിന്‍റെയും പ്രതിഷേധത്തിന്‍റെയും ദുരിതകാലം കൂടി കായിക താരങ്ങൾക്ക് പിന്നിടേണ്ടി വന്നു. മുട്ടിലിഴഞ്ഞും, മുടി മുറിച്ചും, മൊട്ടയടിച്ചും, തലകുത്തിമറിഞ്ഞും, നിലത്ത് ഉരുണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ പിന്നിട്ട 45 പ്രതിഷേധ ദിനങ്ങൾ. ഉത്തരവ് കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് താരങ്ങൾ. പൊരുതി നേടിയ ജോലിയിൽ പ്രവേശിച്ച് ഇനി ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയാണിവർക്ക്.