തിരുവനന്തപുരം: കേരളത്തിലെ ആദ്യ തുരങ്കമായ പാലക്കാട്-തൃശൂർ ദേശീയ പാതയിലെ കുതിരാൻ തുരങ്കം ഉദ്‌ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്കായി തുറന്നു. ഒരു തുരങ്കം മാത്രം തുറന്നതുകൊണ്ട് ടോൾ പിരിവ് സർക്കാർ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കരാറിൽ പറയുന്ന കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അത് അനുവദിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കുതിരാൻ തുരങ്കം യാത്രയ്ക്കായി തുറന്നതിൽ പിന്തുണ അറിയിക്കുന്നതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് തന്നെ ടണൽ തുറക്കാൻ കഠിന ശ്രമമാണ് നടത്തിയത്. രണ്ടാം തുരങ്കവും പൂർത്തിയായ ശേഷം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ്
കുതിരാൻ തുരങ്കം യാത്രയ്ക്കായി തുറന്നതിൽ സർക്കാരിന് സന്തോഷമുണ്ടെന്നും ഇരുമന്ത്രിമാരും പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൻ്റെ പ്രശ്‌നം ഇല്ലെന്നും രണ്ടാം തുരങ്കവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഇരട്ടതുരങ്കങ്ങളിലൊന്ന് തുറക്കാനുള്ള അനുമതി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഉച്ചയോടെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കം രാത്രി ഏഴരയോടെ തുറന്നത്.