കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഷുക്കൂറിന്റെ കൊലപാതകത്തിന്റെ ഓര്‍മ്മ മങ്ങിയിട്ടില്ല. അത് മായും മുമ്പ് രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി കിട്ടും. യു.ഡി.എഫ് ഒറ്റക്കെട്ടായി യൂത്ത് കോൺഗ്രസിന് പിന്നിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കൊലപാതകം ആസൂത്രിതമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അല്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് പ്രധാന പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹര്‍ത്താലിനെ തുടര്‍ന്ന് യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചകള്‍ മാറ്റി വച്ചെങ്കിലും കുഞ്ഞാലിക്കുട്ടി പി ജെ ജോസഫ്, കെ.എം. മാണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാൻ മാത്രമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദസംഭാഷണം മാത്രമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മൂന്നാം സീറ്റിനെ കുറിച്ച് യുഡിഎഫ് യോഗത്തിന് ശേഷമെ പറയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.