തിരുവനന്തപുരം : മുൻ വർഷത്തേക്കാൾ നാല് കോടിയുടെ അധിക കച്ചവടവുമായി ഓണ വിപണിയിൽ വിജയഗാഥ തീർത്ത് കുടുംബശ്രീ (Kudumbashree with record sales in Onam market). 1,087 ഓണച്ചന്തകളിൽ (Onam Market) നിന്നായി 23.9 കോടി രൂപയുടെ കച്ചവടമാണ് ഈ ഓണത്തിന് കുടുംബശ്രീ (Kudumbashree) നടത്തിയത്. കഴിഞ്ഞ വർഷം 19 കോടിയായിരുന്നു കച്ചവടം.
3.25 കോടി രൂപയുടെ വിൽപന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഓണത്തിന് മുൻപേ വിളവെടുത്ത പൂകൃഷി, വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോത്‌പന്നങ്ങള്‍, കാര്‍ഷിക ഉത്‌പന്നങ്ങള്‍ എന്നിവയിലൂടെയാണ് കുടുംബശ്രീയുടെ ചരിത്ര നേട്ടം. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്.
എല്ലാ സിഡിഎസ് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കുടുംബശ്രീ ഇത്തവണയും ഓണം വിപണന മേളകളൊരുക്കിയിരുന്നു. വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ജില്ല തലത്തില്‍ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തില്‍ 12,000 രൂപയും കുടുംബശ്രീ നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ ഓണവിപണന മേളകള്‍ക്ക് നൽകാനുള്ള അനുമതി സർക്കാർ നൽകിയിയിരുന്നു. കുടുംബശ്രീയുടെ 20,990 സ്വയംസഹായ സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉത്‌പന്നങ്ങള്‍ മേളയിൽ വിൽപന നടത്തി.
കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളുടെ വിൽപന ഇക്കുറി ഓണം മേളകളിലെ പ്രധാന ആകർഷണമായിരുന്നു. 1819 വനിത കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂകൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 128 ഏക്കറിലായിരുന്നു. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് പൂകൃഷിയിൽ ഒന്നാമതെത്തിയത്.
ALSO READ : 'മഴപ്പൊലിമ', മണ്ണറിഞ്ഞ് മനസറിഞ്ഞ് ആടിപ്പാടി വലിയപറമ്പ് ഗ്രാമം
ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് (M B Rajesh) അഭിനന്ദിച്ചു. വിലക്കയറ്റം തടയാൻ സഹായിച്ച സർക്കാരിന്‍റെ വിപണി ഇടപെടലിൽ, കുടുംബശ്രീ ശ്രദ്ധേയമായ ഒരുപങ്ക് വഹിച്ചതായും വിപണിയിലെ അവിഭാജ്യ സാന്നിധ്യമായി കുടുംബശ്രീയെ മാറ്റാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത ഓണത്തിന് കൂടുതല്‍ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം കുടുംബശ്രീ ഏറ്റെടുക്കുമെന്നും പൂകൃഷിയുടെ വിജയത്തിന് പിന്നാലെ ഓണം വിപണനമേളകളിലെ മുന്നേറ്റം കൂടി കുടുംബശ്രീയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാവുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.