തിരുവനന്തപുരം: ഡോക്‌ടർമാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സർക്കാർ ഡോക്‌ടർന്മാരുടെ സംഘടനയായ കെജിഎംഒഎ. ജീവനക്കാരെ മാറ്റി നിയമിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും മറ്റ് ചികിത്സയെയും ഗുരുതരമായി ബാധിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സംഘടന കത്ത് നൽകി.
സിഎഫ്എൽടിസികളിൽ ഡോക്‌ടർമാരെ നിയമിക്കുന്നതിനാൽ നിലവിൽ തന്നെ ഡോക്‌ടർമാരുടെ രൂക്ഷമായ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇത് നോൺ കൊവിഡ് ചികിത്സയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പം ശബരിമലയിൽ മണ്ഡല മകരവിളക്ക് ഡ്യൂട്ടിക്ക് കൂടി ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയോഗിച്ചാൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകും. അതുകൊണ്ടുതന്നെ ബദൽ മാർഗം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് കെജിഎംഒഎ കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ തന്നെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ജീവനക്കാരില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നിലയ്ക്കൽ, നീലിമല, എരുമേലി എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കാറുണ്ട്. ഇതിനുപുറമേ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ഇടത്താവളങ്ങളിലും പ്രത്യേക സൗകര്യം ഒരുക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്‌ടർമാരെയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇത് പ്രതിസന്ധി ഉണ്ടാക്കും.