തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര, തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ജില്ല കലക്‌ടർ ഡോ.നവ്ജ്യോത് ഖോസ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവനുസരിച്ച് ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്‌കർഷിക്കുന്ന പട്ടിക പ്രകാരമുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്‌ടർ നിർദ്ദേശം നൽകി. നാളെ ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്കു പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ഡിഎഫ്‌ഒയും അറിയിച്ചു.