തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നൽകുന്ന നിരക്ക് ഉയർന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന് വൈദ്യുതി വകുപ്പ് മന്ത്രി നൽകിയ മറുപടിയാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്. അഴിമതി ആരോപിക്കുമ്പോൾ മന്ത്രി മറ്റു കാര്യങ്ങളിലാണ് മറുപടി പറയുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടത് യുഡിഎഫ് സർക്കാരാണെന്ന് എം.എം മണി പറഞ്ഞു. വിശദ പരിശോധന നടന്നാൽ പ്രതിപക്ഷം പ്രതിയാകുമെന്നും വിഷയത്തിൽ വേണമെങ്കിൽ അന്വേഷണം നടത്താമെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. അന്വേഷണത്തിൽ യുഡിഎഫ് കുരുങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് വന്നത്. ചോദ്യത്തിനുള്ള ഉത്തരമല്ല എം.എം മണി നൽകുന്നതെന്ന് പറഞ്ഞ പ്രതിപക്ഷം മന്ത്രി, സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. തുടർന്ന് സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗ്രാൻസ് ഗ്രിഡ് അഴിമതി ആരോപണത്തിൽ നിന്നും സർക്കാർ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ഇത് കൊയ്ത്തുകാലമാണെന്നും അദ്ദേഹം ആരോപിച്ചു.