തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശം. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് താപനില വര്‍ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താന്‍ സാധ്യതയുണ്ട്.
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതീവജാഗ്രത പുലര്‍ത്താനാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ജോലി സമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശങ്ങള്‍
- നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കണം.
- കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
- വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടിത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
- അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നല്‍കേണ്ടതുമാണ്.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
- യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.