തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യന വര്‍ഷത്തിന് തുടക്കമായി. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് പ്രവേശനോത്സവം ഡിജിറ്റലായാണ് നടന്നത്. തിരുവനന്തപുരം കോട്ടൺഹില്‍ സ്‌കൂളിലായിരുന്നു പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. വിദ്യര്‍ത്ഥികള്‍ നേരിട്ട് സ്‌കൂളിലെത്തുന്ന കാലം വിദൂരമല്ലെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.
ഇന്ന് പ്രത്യാശയുടെ ദിനമാണ്. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ കഴിയുന്നതരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഘട്ടം ഘട്ടമായി നടപ്പാക്കും. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകള്‍ നല്‍കും. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ ആരും ഉത്സാഹം കുറയ്‌ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ നേരിട്ട് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ എങ്ങനെ കഴിയും എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തുടർന്ന് അക്ഷര വിളക്ക് വിദ്യാഭ്യാസമന്ത്രി തെളിയിച്ചു. മന്ത്രിമാരായ ആന്‍റണി രാജു, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രവേശന ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, കവി സച്ചിദാനന്ദന്‍, പി.ടി ഉഷ, ബെന്യാമിന്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.